കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിന് ലക്ഷ്യമിടുന്ന വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തുകയുണ്ടായി.

ജില്ലാതലത്തിലും പ്രാദേശിക തലത്തിലും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. ജില്ലയുടെ സ്വീപ് ജെൻ സി ആൻതം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നിരവധി പ്രമുഖരും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ആരോൺ ജോർജ് ജില്ലയുടെ സ്വീപ് അംബാസഡാറായി എത്തി.

കുമരകം കായലിൽ നടത്തിയ ഹൗസ് ബോട്ട് റാലി, മൈലാടിയിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം, മീനച്ചിലാറ്റിൽ സംഘടിപ്പിച്ച ജലമേള, കോട്ടയം-വാഗമൺ ബുള്ളറ്റ് റാലി, പൂഞ്ഞാർ എലിവാലിക്കരയിൽ നടത്തിയ മെഗാ വടംവലി, യുവ വോട്ടർമാർക്കായി ഒരുക്കിയ ഓൺലൈൻ പ്രതിജ്ഞാ പ്ലാറ്റ്‌ഫോം തുടങ്ങിയവ ഏറെ ശ്രദ്ധ നേടിയിരുന്നു. വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി പാത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ ജെൻ സി കാൻഡിൽ വാക്ക് സംഘടിപ്പിച്ചു.
