കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ടെഹ്റാനിലെ ഇന്ത്യൻ എംബസ്സിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് പൗരന്മാർക്ക് നിർദേശം.

എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെയും ബന്ധപ്പെടാതെയും രാജ്യാന്തര അതിർത്തികളിലേക്ക് പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിർദ്ദേശം. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തിൽ, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടിനുള്ളിൽതന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കണമെന്നും എംബസി നിർദേശിച്ചിരുന്നു.

സംഘർഷം ആരംഭിച്ച സമയത്തെ കണക്കുകൾ പ്രകാരം ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ട്. അർമേനിയ, അസർബൈജാൻ എന്നീ അയൽരാജ്യങ്ങൾ വഴി 1,862 പേരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ എംബസിക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഏതു നിമിഷവും സാഹചര്യം മാറാൻ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കുള്ള എംബസിയുടെ നമ്പറുകൾ : +989128109115; +989128109109; +989128109102; +989932179359. ഇമെയിൽ ഐഡി: cons.tehran@mea.gov.in
