കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആഹ്വനം ചെയ്ത ഹർത്താലിൽ കോട്ടയത്ത് ശക്തമായ പ്രതിഷേധം തുടരുന്നു.

രാവിലെ ഹർത്താൽ അനുകൂലികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. നിരത്തിലിറങ്ങിയ കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളുമുൾപ്പടെ തടഞ്ഞു. വാഹനങ്ങൾ തടഞ്ഞതോടെ കോട്ടയത്ത് അഗ്നിരക്ഷാ സേനയുടെ വാഹനവും ആംബുലൻസും കുടുങ്ങി. വാഹനങ്ങൾ തടഞ്ഞു ഓരോ യാത്രക്കാരോടും ഹർത്താലിനെ കുറിച്ച് സംസാരിച്ചാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ജില്ലയിൽ ഭൂരിഭാഗം മേഖലകളിലും കൂടുതൽ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചെങ്കിലും ഭൂരിഭാഗം മേഖലകളിലും കൂടുതൽ കടകൾ അടഞ്ഞു കിടക്കുകയാണ്. ഹോട്ടലുകൾ ചിലയിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കോട്ടയത്ത് തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രതിഷേധക്കാർ അടപ്പിച്ചു.
