കോട്ടയം: ഇന്ത്യൻ നാഷണൽ ട്രസ്‌റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ(ഇൻടാക്) നേതൃത്വത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന "സ്കെച്ച് വാക്കിൽ" സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുമുള്ള 36 പേർ ക്യാമ്പസിൻ്റെ മനോഹാരിത പകർത്തുന്നതിനായി എത്തിച്ചേർന്നു. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് മരത്തിൻ്റെ ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ചു.

ചിത്രരചനയ്ക്കു മുന്നോടിയായി നടന്ന ക്യാമ്പസ് വോക്കിൽ ചരിത്രകാരൻ പള്ളിക്കോണം രാജീവ് കോളജിൻ്റെ ചരിത്രവും ആർഐടി യിലെ ആർക്കിടെക്ചർ വിഭാഗം അദ്ധ്യക്ഷ ഡോ. ബിനുമോൾ ടോം, ആർക്കിടെക്ട് ടോംസ് ജോസഫ് എന്നിവർ പൈതൃകനിർമ്മിതികളുടെ സവിശേഷതകളും വിവരിച്ചു.
ക്യാമ്പസ് വോക്ക് ബിഷപ്പ്സ് ഹൗസ്, മ്യൂസിയം എന്നിവിടങ്ങളിലേക്കും നീണ്ടു. മലയാളം അച്ചടിയുമായി ബന്ധപ്പെട്ട് ബെഞ്ചമിൻ ബെയിലിയുടെ സംഭാവനകൾ എബി ജോർജ് വിശദീകരിച്ചു. ചിത്രരചനയിൽ പങ്കെടുത്തവരുടെ രചനകൾ പ്രദർശിപ്പിച്ചു. സർട്ടിഫിക്കറ്റുകൾ പള്ളിക്കോണം രാജീവ് വിതരണം ചെയ്തു. ഇൻടാക് കോട്ടയം ചാപ്റ്ററിൻ്റെ കൺവീനറായ ജയിംസ് സഖറിയ, ഡോ. ബി ശ്രീകുമാർ, ആൻസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
വിവരണം,ചിത്രം: പള്ളിക്കോണം രാജീവ്

