കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടു പിന്നാലെ ക്രൈസ്തവ സഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ്. എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്.

കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി എന്നും ഷോൺ ചോദിച്ചു. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ‘ദീപിക’യും ബിജെപിക്ക് എതിരായി നിലപാടെടുത്തു എന്ന് ഷോൺ ജോർജ് ആരോപിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയിൽ സഭയുടെ എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നത് ആരാണ്? ഷോൺ ജോർജ് ആണ്, ബിജെപി ആണ്, രാജീവ് ചന്ദ്രശേഖർ ആണ്, അമിത്ഷാജിയാണ്, നരേന്ദ്ര മോദിയാണ്. അല്ലേ? ഈ പറയുന്ന കെസി വേണുഗോപാൽ ഉണ്ടായിരുന്നോ? ജോസ് കെ മാണി ഉണ്ടായിരുന്നോ? സിപിഎമ്മിന്റെ നേതൃത്വങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? ഇവരെ കൊണ്ട് സഭയ്ക്ക് എന്ത് ഗുണം കിട്ടി?

എഫ്സിആർഎ ഉൾപ്പെടെയുള്ള ബില്ല് മാറ്റി വച്ചത് ഞങ്ങളുടെ സമ്മർദഫലമാണ്. ഞങ്ങളെ വേണ്ട എന്ന് സഭ തീരുമാനിച്ചാൽ, നമ്മളും സ്വാഭാവികമായിട്ട് സഭയെ വേണ്ട എന്ന് തീരുമാനിക്കേണ്ടി വരില്ലേ? സഭയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഷോൺ ജോർജ്ജിനെ പോലെയുള്ളവരെ ഉപദ്രവിക്കാൻ ചില ആളുകൾ ഇതിനകത്ത് നിന്നാൽ ഞങ്ങൾ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? സഭക്ക് വേണ്ടി ബിജെപിയുടെ അടുത്ത് നമ്മൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങളോട് ബി.ജെ.പി നേതൃത്വം തിരിച്ചു ചോദിക്കില്ലേ? നിങ്ങൾ ഇതെല്ലാം സഭയ്ക്ക് വേണ്ടി പറയുന്നു, സഭ നിങ്ങളോട് എന്ത് ചെയ്തു എന്ന് ചോദിക്കില്ലേ എന്നും ഷോൺ ജോർജ് ചോദിച്ചു. സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും എന്നും ഷോൺ പറഞ്ഞു.
