കത്തോലിക്കാ സഭയുടെ മുഖപത്രം എന്ന് പറയാൻ ദീപികയ്ക്ക് അവകാശമില്ല; ദീപിക ദിനപത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ഷോൺ ജോർജ്.


കോട്ടയം: ദീപിക പത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ്. ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല. കേന്ദ്രസർക്കാരിനും ബിജെപിയും എതിരെ തെറ്റായ വാർത്തകൾ ദീപിക എഴുതുന്നു എന്നും പിണറായി വിജയനുമായി ബന്ധമുള്ളവർക്ക് ദീപികയിൽ നിക്ഷേപമുണ്ട് എന്നും ഷോൺ പറഞ്ഞു.

 

 കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരസ്യങ്ങൾ ദീപികയ്ക്ക് എങ്ങനെയാണ് ലഭിച്ചത് എന്നും ഇത്തരം കാര്യങ്ങളാണ് ദീപികയുടെ രാഷ്ട്രീയ നിലപാടുകൾക്ക് കാരണം എന്നും ഇതിനെതിരെ സഭാ നേതൃത്വത്തിന് പരാതി നൽകുമെന്നും ഷോൺ പറഞ്ഞു. എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി എന്നും ഷോൺ ചോദിച്ചു. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ദീപികയും ബിജെപിക്ക് എതിരായി നിലപാടെടുത്തു എന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ പറഞ്ഞു.

 

 സഭാ വോട്ടുകൾ എന്ന് പറയുന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം കണ്ടുകൊണ്ട് വോട്ട് ചെയ്യുന്നവരല്ല എന്നും ഇന്നലെ ദീപികയുടെ ഒന്നാം പേജ് എന്തായിരുന്നു? എങ്ങനെയും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഇൻഡയറക്റ്ലി പറയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ദീപിക പത്രം സഭയുടെ മാത്രമാണെന്ന് വിചാരിക്കരുത്. നിരവധിപ്പേർ അതിൽ ഇൻവെസ്റ്റേഴ്സ് ആണ്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും. വിവിധ മുന്നണികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുകൾ സഭയ്ക്കകത്തുണ്ട് എന്നും ഷോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു ഷോൺ ജോർജ്. സഭാ മുഖപത്രം എന്ന് പറയുകയും ചില വ്യക്തികളുടെയും ചില മുന്നണികളുടെയും രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യുകയും ചെയ്താൽ അത് സഭയുടേതാണോ അല്ലേ എന്ന് വ്യക്തമാക്കണം. ഇതാണ് സഭയുടെ നിലപാട് എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് നിലപാട് മാറ്റേണ്ടി വരും. ഞാനും സഭയുടെ അംഗമാണല്ലോ. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മനപൂർവ്വമായി ചില മുന്നണികളുടെ രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യാൻ ദീപിക ശ്രമിക്കുകയാണ്. ഇനി അങ്ങനെയാണ് മുമ്പോട്ടു പോകുന്നതെങ്കിൽ ദീപികയെ തള്ളുന്ന സാഹചര്യം നമുക്കുണ്ടാവും എന്നും ഷോൺ പറഞ്ഞു. സഭക്ക് വേണ്ടി ബിജെപിയുടെ അടുത്ത് നമ്മൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങ​ളോട് ബി.ജെ.പി നേതൃത്വം തിരിച്ചു ചോദി​ക്കില്ലേ? നിങ്ങൾ ഇതെല്ലാം സഭയ്ക്ക് വേണ്ടി പറയുന്നു, സഭ നിങ്ങളോട് എന്ത് ചെയ്തു എന്ന് ചോദിക്കില്ലേ. ഈ ദീപിക പത്രം എടുത്തു വെച്ചിട്ടല്ലേ ഞങ്ങളോട് ചോദിക്കുന്നത്? അമിത്ഷാ ജി ഇന്നലത്തെ ദീപിക പത്രത്തിന്റെ ഫ്രണ്ട് പേജ് എടുത്ത് വെച്ചാൽ ഞാൻ എന്ത് മറുപടി പറയും? അത് എടുത്തു വെച്ചിട്ട്, ഇതാണോ നിങ്ങൾ പറഞ്ഞ് എഫ്സിആർഎ ബില്ല് ഉൾപ്പടെ മാറ്റിവെപ്പിച്ച സഭ എന്ന് ​അമിത് ഷാ ചോദിച്ചാൽ ഞാൻ എന്ത് പറയും? സഭയുടെ മുഖപത്രമായ ദീപിക ഇങ്ങനെ ചെയ്യുന്നതിന് നിങ്ങൾ ഇതിന് എന്ത് മറുപടി പറയുന്നു എന്ന് അമിത് ഷാജി എന്റെ അടുത്ത് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും? പറയൂ... അത് സഭ ചർച്ച ചെയ്യണം ഈ വിഷയം. അതല്ല, സഭക്ക് ഇവരൊക്കെ മതിയെങ്കിൽ മതി. അങ്ങനെ ആയിക്കോട്ടെ. ഇനി നമ്മളെ വിട്ടേക്കൂ. നീതിപൂർവ്വമായ ഏത് കാര്യങ്ങൾക്കും ഒപ്പം നിൽക്കും. പക്ഷേ, ഇടപെടലുകളിൽ ഇതാണ് നിലപാട് എങ്കിൽ ഞങ്ങൾ എന്ത് ചെയ്യാൻ പറ്റും? ഈ നിലപാട് തുടർന്നാൽ നമ്മൾക്ക് അവിടെ വാമൂടി കെട്ടി പോകാൻ പറ്റില്ലല്ലോ. ഇങ്ങനെയൊക്കെ ദീപിക ചെയ്യുമ്പോൾ, ഞങ്ങളൊക്കെ എന്താ പോയി പറയുക? തീർച്ചയായിട്ടും ഇതിനൊരു പരിഹാരം ഉണ്ടാകണം. പിതാക്കന്മാരോടെല്ലാം അത് സംസാരിക്കാൻ തന്നെയാണ് ഇരിക്കുന്നത്’ -ഷോൺ ജോർജ് പറഞ്ഞു.