കോട്ടയം: ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു.

കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ. ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ് മിന്നലേറ്റത്. മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണീച്ചറുകളും കത്തി നശിച്ചു. തീ പടർന്നു പിടിച്ചതോടെ മുറിയുടെ ഭൂരിഭാഗവും അഗ്നിക്കിരയായി. ഉടനെ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. അപകട സമയം മുറിക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാമ്പാടിയിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. മാന്തുരുത്തി പള്ളിക്കുന്ന് പള്ളിക്കുന്നേൽ യോഹന്നാന്റെയും ആക്കവയലിൽ ജോണിയുടെയും വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നു പോയത്. വീശിയടിച്ച ശക്തമായ കാറ്റിൽ എം സി റോഡിൽ വെമ്പള്ളിയിൽ ഹോട്ടലിന്റെ മേൽക്കൂര റോഡിലേക്ക് പതിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ റോഡിലേക്ക് വീഴുകയും ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു.
