'ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല' പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മ


പാലാ: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട് എന്നും 'ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല' എന്നും പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ പേരെടുത്തു പറയാതെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

 

 പാലാ രൂപതാ മീഡിയാ കമ്മീഷൻ ഇന്നലെ രാത്രി വൈകി പാലാ രൂപതയുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പ്രസിദ്ധീകരിച്ച ചെയ്ത വീഡിയോയിലാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഇരുവരെയും വിമർശിച്ചിരിക്കുന്നത്. ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആർക്കും വേണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് എന്നും ബിഷപ്പ് പറഞ്ഞു.

 

 മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാ സമയവും എലാ മെത്രാന്മാരും വൈദികരും ന്യുട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ എന്നും മിണ്ടാപ്രാണികളെ ആയിരിക്കണം എന്നല്ലേ ഇതിനർത്ഥം എന്നും ബിഷപ്പ് ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദീപികയ്‌ക്കെതിരെയും കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെയും പി സി ജോർജ്ജും മകൻ ഷോൺ ജോർജ്ജും വിമർശനങ്ങളുമായി രംഗത്ത് എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ ആരോപണമുന്നയിച്ച പി സി ജോർജ് പാലാ ബിഷപ്പ് നിഷ്പക്ഷനായിരുന്നു എന്നാണു പി സി ജോർജ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പാലാ ബിഷപ്പും പി സി ജോർജ്ജിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള ഈ സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ, സഭ മിണ്ടാപ്രാണികളായി ന്യൂട്രൽ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ലെന്നും പാലാ ബിഷപ്പ് കൂട്ടിച്ചേർത്തു.