ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ ക്രൈസ്തവ സഭക്കും മെത്രാന്മാര്‍ക്കുമെതിരെ അധിക്ഷേപ പരമാര്‍ശവുമായി പൂഞ്ഞാർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി പി സി ജോർജ്. മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു ഇവർ എന്തിനു രാഷ്ട്രീയത്തിൽ ഇടപെടണമെന്നും പി സി ജോർജ് ചോദിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. പാലായിലെ ബിഷപ്പ് ഇതുവരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല എന്ന് പി സി ജോർജ് പറഞ്ഞു. ചില മെത്രാന്മാര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്നും ഇത്തരം മെത്രാന്മാരെ തള്ളിപ്പറയേണ്ടി വരുമെന്നും പി സി ജോർജ് പറഞ്ഞു. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേത്. സഭയ്‌ക്ക് ഗുണം ലഭിച്ചിട്ടുള്ളത് തന്നെക്കൊണ്ട് മാത്രമാണ്. എന്നിട്ടും വൃത്തിക്കെട്ട പണി ചെയ്യുന്നു.

പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർഥികളിൽ സഭയ്‌ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നതെന്നും പി.സി ജോർജ് ചോദിച്ചു. കത്തോലിക്ക സഭയുമായി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നിട്ടും എന്തിനാണ് ഇവന്മാര്‍ കുരയ്‌ക്കുന്നത്. ആ കുര യുഡിഎഫിന് വേണ്ടിയിട്ടാണെന്ന് രൂക്ഷമായി പിസി ജോർജ് വിമർശിച്ചു. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ടെന്ന് പറഞ്ഞ പി സി ജോർജ്, എഫ്സിആര്‍എ വരുമെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും പി സി ജോർജ് വിമര്‍ശിച്ചു. ''ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ആ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുണ്ട്. മെത്രാന്മാരാണ് സഭയെന്ന ആരും പറയേണ്ട. മെത്രാൻമാർ പറയുന്നത് പോക്രിത്തരമാണ്. ബിജെപിയെ കുറ്റപ്പെടുത്തണമെന്ന് പറയുന്നവരെ ആ രീതിയിൽ കൈകാര്യം ചെയ്യും. സഭയുമായി അടുക്കണമെന്ന് ബിജെപി പറയുന്നില്ല, ജനങ്ങളുമായി അടുക്കാൻ ആണ് ശ്രമിക്കുന്നത്. വിദേശത്തുനിന്നു വരുന്ന പണത്തിന്റെ കണക്ക് കാണിക്കാൻ എന്താണ് പ്രശ്നം . അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ്. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസാണ്. അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെയാണ്. മെത്രാൻമാർ രാഷ്ട്രീയത്തിൽ ഇടപെടാത്തതാണ് നല്ലത്. അവർ രാഷ്ട്രീയം പറഞ്ഞാൽ അതുപോലെ രാഷ്ട്രീയം പറയേണ്ടിവരും.'' പിസി ജോർജ് പറഞ്ഞു.
