കോട്ടയം നീണ്ടൂരിൽ ക്ഷേത്രത്തിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ.


നീണ്ടൂർ: കോട്ടയം നീണ്ടൂരിൽ ക്ഷേത്രത്തിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പ്രാദേശിക നേതാവ് നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടാണ്(45) അറസ്റ്റിലായത്.

 

 നീണ്ടൂര്‍ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും വെള്ളി ഉരുപ്പടികളും കവര്‍ന്ന കേസിൽ ആണ് അറസ്റ്റ്. സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമാണ് ഇയാൾ കവർന്നത്. പൂജാരി ശ്രീകോവിലിൽ നിന്നും ഇറങ്ങിയ സമയം പ്രതി അതിക്രമിച്ച് കടന്ന് സ്വർണം കവർന്നതായാണ് എഫ്ഐആർ. ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സനൽ മണ്ഡലം പ്രസിഡൻ്റ് ചുമതലയും വഹിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏറ്റുമാനൂർ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ സനലിന്റെ വസതിയിൽനിന്ന്‌ ആഭരണങ്ങൾ കണ്ടെടുത്തു.