മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ, ശ്രീക്കുട്ടിയുടെ അച്ഛനായി റോയി അച്ചൻ.


മുണ്ടക്കയം: മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി കത്തോലിക്കാ വൈദികൻ. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ പിതാവിൻ്റെ സ്ഥാനത്ത് നിന്ന് ഫാദർ റോയി മാത്യു വടക്കേൽ ആണ് സ്നേഹത്തോടെ ശ്രീക്കുട്ടി എന്ന് വിളിച്ചിരുന്ന പാർവ്വതിയുടെ വിവാഹ ചടങ്ങുകൾക്കായി എത്തിയത്.

 

 മുണ്ടക്കയം വണ്ടൻപതാൽ സെൻ്റ് പോൾസ് പള്ളി പാരിഷ് ഹാളിലായിരുന്നു മതമതിൽക്കെട്ടുകൾക്കുമപ്പുറം മാനവികതയുടെയും സാഹോദര്യത്തിന്റെയും ലോകത്തിനാകെ മാതൃകയായ വിവാഹ ചടങ്ങുകൾ നടന്നത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ. വണ്ടൻപതാൽ ബത്‌ലഹേം ആശ്രമത്തിൽ വെറും ഒരു വയസ്സുള്ളപ്പോഴാണ് പാർവതി എത്തുന്നത്.

 

 അന്ന് മുതൽ ആ പെൺകുട്ടിക്ക് തണലായി നിന്നത് ഫാദർ റോയി മാത്യുവാണ്. പാർവ്വതിക്ക് വിവാഹപ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടെത്തിയതും ഫാദർ റോയി മാത്യു വടക്കേൽ ആണ്. കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിക്ക് താലി ചാർത്തിയത്. ധന്യമായ മുഹൂർത്തത്തിന് സാക്ഷികളാകുവാൻ നിരവധിപ്പേരാണ് എത്തിയത്.