സർജിക്കൽ ബ്ലോക്കിൽ വെള്ളമില്ല, കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങി, ഗുരുതര അനാസ്ഥ.


കോട്ടയം: പുതുതായി ഉത്‌ഘാടനം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ വെള്ളം ലഭ്യമാകാഞ്ഞതിനെ തുടർന്ന് ഇന്ന് ശസ്ത്രക്രിയകൾ മുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെ ശസ്ത്രക്രിയകൾക്കായി രോഗബാധിതരെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയെങ്കിലും ഉച്ചയോടെ പുറത്തിറക്കുകയായിരുന്നു. വെള്ളം ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ നടക്കില്ല എന്നാണു അധികൃതർ അറിയിച്ചത്.

 

 മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണം എന്നാണു ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ശസ്ത്രക്രിയയ്ക്കായി തലേദിവസം രാത്രി 10 മണി മുതൽ ഭക്ഷണം കഴിക്കാതെയിരുന്ന രോഗികൾ രാവിലെ 7 മണിക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയെങ്കിലും ഉച്ചയോടെ തിരിച്ചിറക്കിയതോടെ വലിയ ദുരിതത്തിലായി. ഇത്രയും നീണ്ട സമയം ഭക്ഷണം കഴിക്കാഞ്ഞതിനെ തുടർന്ന് രോഗികൾ തളർന്നിരുന്നു.

 

 നിരവധി രോഗബാധിതരുടെ ബന്ധുക്കളാണ് പ്രതിഷേധം അറിയിച്ചത്. ഇന്നലെ മുതൽ വെള്ളത്തിനു പ്രശ്‌നം ഉണ്ടായിരുന്നു. ഇത് മുൻകൂട്ടി അറിയിച്ചില്ല എന്നും ചോദിച്ചപ്പോൾ വെള്ളം വരും എന്നാണു പറഞ്ഞുകൊണ്ടിരുന്നത് എന്നും രോഗികൾക്കൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. വാർഡുകളിലും വെള്ളമില്ലാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും പുറത്തുള്ള പെയ്ഡ് ശുചിമുറികളെയാണ് ആശ്രയിക്കുന്നത്. ഇന്ന് നടക്കാത്ത ശസ്ത്രക്രിയകൾ എന്ന് നടത്തുമെന്നും ഇതുവരെ അറിയിച്ചിട്ടില്ല എന്നും ബന്ധുക്കൾ പറഞ്ഞു. മുപ്പതോളം ശസ്ത്രക്രിയകൾ ഇന്ന് മുടങ്ങിയതായാണ് ലഭ്യമാകുന്ന വിവരം. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര അനാസ്ഥയാണ് ഉണ്ടായതെന്ന് രോഗബാധിതരുടെ ബന്ധുക്കൾ പറഞ്ഞു.