കോട്ടയം: കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു. കോട്ടയം ഗാന്ധിനഗറിൽ മെഡിക്കൽ കോളേജിനു സമീപം അഞ്ചേരി ഗാർഡൻസിലാണ് സംഭവം. മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ഡോക്ടർ ജയകുമാറിന്റെ കാറിനാണ് തീ വെച്ചത്.

ഡോക്ടറുടെ വീട്ടിലെ മുൻ സുരക്ഷാ ജീവനക്കാരനും ചെങ്ങളം സ്വദേശിയുമായ ചെല്ലപ്പനാണ്(87) കാറിന് തീയിട്ടത്. രാവിലെ ഡോക്ടറുടെ വീട്ടിൽ എത്തിയ ഇയാൾ പെട്രോൾ ഒഴിച്ച് കാറിന് തീയിടുകയായിരുന്നു. കാറിനും വീടിന്റെ മുന്ഭാഗത്തും പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. തീ പടർന്നതോടെ ഇയാളുടെ ദേഹത്തേക്കും തീ പിടിക്കുകയായിരുന്നു.

പൊള്ളലേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പടരുന്നത് കണ്ട വീട്ടുകാരാണ് ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
