കോട്ടയം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ചൂട് സംബന്ധമായി സമൂഹമാധ്യമങ്ങളിലുൾപ്പടെ വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല എന്നും കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
