കോട്ടയം: സാമൂഹ്യ വിഷയത്തിൽ സഭാനേതൃത്വം ഇടപെടുമ്പോൾ അതിനെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കുന്നത് മോശം പ്രവണതയാണെന്ന് ജോസ് കെ മാണി. ദീപിക സഭയുടെ പത്രം മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും ആനൂകാലിക വിഷയങ്ങളിലും വാർത്തകളും ഇടപെടാളുകളും നടത്തുന്ന പത്രമാണ്.

സഭയോട് ഇത്ര സ്നേഹമായിരുന്നെങ്കിൽ എഫ്സിആർഎ കൊണ്ട് വന്നത് എന്തിന് എന്നും ജോസ് കെ മാണി ചോദിച്ചു. പേടിപ്പീര് വിലപ്പോകില്ലെന്നും പി സി ജോർജ്ജിനെയും മകൻ ഷോൺ ജോർജ്ജിനെയും കൊണ്ട് ബിജെപി തന്നെ പാഠം പഠിക്കും എന്നും ജോസ് കെ മാണി പറഞ്ഞു. കള്ളാ നാണയങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണതായും അത് ജനങ്ങൾ തിരിച്ചറിഞ്ഞതായും ജോസ് കെ മാണി പറഞ്ഞു.

ക്രൈസ്തവസഭയ്ക്കെതിരായ ബിജെപി നേതാക്കളായ പി സി ജോർജ്ജിന്റെയും ഷോണ്‍ ജോർജിന്‍റെയും പരാമർശത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ദീപിക പത്രത്തിൽ വരും. അത് ആർക്കും എതിരല്ല. ദീപികയിൽ വന്നത് സഭയുടെ മാത്രം ആശങ്കയല്ല, സമൂഹത്തിന്റെ ആകെ ആശങ്കയാണ് ആരെയും ഭീഷണപ്പെടുത്തുന്നത് ശരിയല്ല എന്നും ജോസ് കെ മാണി പറഞ്ഞു.
