പത്ത് വർഷം മുൻപ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു, ഇന്ത്യൻ പാസ്‌പോർട്ടോ ഒസിഐ കാർഡോ ഇല്ല, യുകെ പൗരനായ കോട്ടയം മുട്ടുചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക


കോട്ടയം: പത്ത് വർഷം മുൻപ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഇന്ത്യൻ പാസ്‌പോർട്ടോ ഒസിഐ കാർഡോ കൈവശമില്ലാത്ത യുകെ പൗരനായ കോട്ടയം മുട്ടുചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല എന്ന് ഹൈക്കോടതി. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു ബന്ധു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

 

 ബന്ധുവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. വിദേശ പൗരത്വം സ്വീകരിച്ച ഒരാളുടെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് കേവലം ബന്ധുക്കളുടെ താല്പര്യപ്രകാരം മാത്രം തീരുമാനിക്കാനാവില്ലെന്നും പൗരത്വ നിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും ഇതിൽ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പാസ്‌പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡോ ഇല്ലാതെ, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. 2016-ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി 6-നാണ് അന്തരിച്ചത്. പൗരത്വം മാറിയ ശേഷം അദ്ദേഹം തന്റെ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിനായി അദ്ദേഹം അപേക്ഷിക്കുകയോ അത് കൈവശം വെക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമപരമായ തടസ്സമായത്. ജോബി ജനിച്ചതും വളർന്നതും ആദ്യ വിവാഹം കഴിച്ചതും കേരളത്തിലാണെങ്കിലും പിന്നീട് വിവാഹമോചനം നേടി ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. 2016ൽ അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഫിലിപ്പീനി യുവതിയെ വിവാഹം കഴിച്ച് അവിടെ കഴിയുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അദ്ദേഹം മരിച്ചത്. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബിക്ക് ഒസിഐ കാർഡിന് അർഹതയുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകണമെന്നാവശ്യപ്പെട്ട് ജോബിയുടെ അമ്മാവൻ ഹാൻസ് ജോസഫ് ആണ് കോടതിയെ സമീപിച്ചത്. ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാൽ സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ടാം ഭാര്യയുടെ ഇമെയിൽ സന്ദേശവും കോടതിയിൽ ഹാജരാക്കിയിരുന്നു. മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി ബന്ധുക്കൾ യുകെയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചെങ്കിലും അവർ അത് നിരസിച്ചു. വിദേശ പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ ഒസിഐ അല്ലെങ്കിൽ പിഐഒ കാർഡ് നിർബന്ധമാണെന്നതായിരുന്നു കാരണം. പത്ത് വർഷം മുമ്പ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി ഒസിഐ കാർഡിന് അപേക്ഷിക്കാത്ത സാഹചര്യത്തിൽ, അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്ന് കരുതാനാവില്ലെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ജോബി ആഗ്രഹിച്ചിരുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ അയച്ച ഒരു ഇമെയിൽ സന്ദേശം ഹർജിക്കാരൻ ഹാജരാക്കിയിരുന്നെങ്കിലും, മരണശേഷം അയച്ചതായതിനാൽ കോടതി അത് വിശ്വസനീയമായ രേഖയായി പരിഗണിച്ചില്ല. ഹർജിക്കാരന്റെ നിയമപരമായ അവകാശത്തെയും കോടതി ചോദ്യം ചെയ്തു. ജോബിയുടെ അമ്മയും മകളും ജീവിച്ചിരിക്കെ നിയമപരമായ അവകാശിയല്ലാത്ത അമ്മാവൻ കോടതിയെ സമീപിച്ചതിനെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരാമർശിച്ചു. അടുത്ത ബന്ധുക്കൾ ആരും തന്നെ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല എന്നതും ഹർജി തള്ളാൻ കാരണമായി. അതുകൊണ്ടുതന്നെ ബന്ധുവായ ഹർ ജിക്കാരന് ഈ കേസിൽ നിയമപരമായ അവകാശമില്ലെന്നും വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്. മൃതദേഹം സംസ്കരിക്കുന്നതിന് ഗൗരവകരമായ നിയമപരമായ വശങ്ങളുണ്ടെന്നും അത് നിലവിലുള്ള ചട്ടങ്ങൾ പാലിച്ചായിരിക്കണം നടപ്പിലാക്കേണ്ടതെന്നും കോടതി ആവർത്തിച്ചു. ഒസിഐ കാർഡിന് അർഹതയുണ്ടെന്നത് ആ കാർഡ് കൈവശമുള്ളതിന് തുല്യമായി കാണാനാവില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്ത പക്ഷം വിദേശ പൗരന്മാരുടെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി തള്ളിയത്.