നിതിൻ രാജിന്റെ മരണം: ആക്ഷൻ കൗൺസിൽ ആഹ്വനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വാഹനങ്ങൾ തടഞ്ഞു, കുടുങ്ങിക്കിടന്നവയിൽ ആംബുലൻസും അഗ്നിരക്ഷാ സേനയുടെ വാഹനവും.


കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു.

 

 പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു. ഇതോടെ വാഹനങ്ങൾ പത്ത് മുതൽ ഇരുപത് മിനിട്ടുവരെ റോഡിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി. കോട്ടയത്ത് പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞതിൽ ആംബുലൻസും അഗ്നിരക്ഷാ സേനയുടെ വാഹനവും ഉൾപ്പെട്ടു. പിന്നീട് പോലീസ് ഇടപെട്ടു വാഹനങ്ങൾ കടത്തി വിട്ടു. ജില്ലയിൽ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മുക്കയിടങ്ങളിലും പ്രതിഷേധക്കാർ ബസ്സ് തടഞ്ഞു. കോട്ടയത്തും കറുകച്ചാലിലും മുണ്ടക്കയത്തും വൈക്കത്തും പൊൻകുന്നത്തും പ്രതിഷേധക്കാർ ബസ്സ് തടഞ്ഞു. തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും പ്രതിഷേധക്കാർ കൂട്ടമായെത്തി അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ നിർബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം പ്രതിഷേധ സംഘാനക്കാർ അറിയിച്ചെങ്കിലും എല്ലായിടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. കോട്ടയത്ത് തുറന്നു പ്രവർത്തിച്ച ലുലു മാൾ അടപ്പിക്കാൻ പ്രവർത്തകർ എത്തിയിരുന്നു. നഗരത്തിൽ തുറന്നു പ്രവർത്തിച്ച കടകളും ഹോട്ടലുകളും പ്രതിഷേധക്കാർ നിര്ബന്ധമായി അടപ്പിച്ചു.