കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 മാസത്തിനിടെയുണ്ടായത് ചെറുതും വലുതുമായ 613 തീപിടുത്തങ്ങള്‍. വേനൽ കാലമായതോടെ തീ പിടുത്തങ്ങളുടെ എണ്ണവും ഉയരുകയാണ്. കോട്ടയം ജില്ലയിൽ 8 അഗ്നിരക്ഷാ സേന യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.

കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുൾപ്പടെ ജില്ലയിലെ പാടശേഖരങ്ങളിലും വിവിധയിടങ്ങളിലെ കെട്ടിടങ്ങളിലും പറമ്പുകളിലും തീ പിടിച്ചിരുന്നു. തീ പിടിത്തങ്ങളുടെ എണ്ണം ഉയർന്നതോടെ ഓടിത്തളർന്നിരിക്കുകയാണ് ജില്ലയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കര്‍ഷകര്‍ തീയിടുമ്പോഴും അപകടം ഉണ്ടാവാറുണ്ട്. ഈ കാലയളവിൽ ജില്ലയിൽ കോട്ടയത്താണ് ഏറ്റവും കൂടുതൽ തീപിടിത്തം ഉണ്ടായിട്ടുള്ളത്. ചിലയിടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ വാഹനം എത്തിപ്പെടാനും പാടുപെടുന്നുണ്ട്. ജില്ലയില്‍ 8 സ്‌റ്റേഷനുകളിലായി 304 ജീവനക്കാരാണുള്ളത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പറമ്പുകളിലുമുൾപ്പടെ ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
