വൈക്കം: വൈക്കത്തെ സിപിഐക്കെതിരെയും പ്രാദേശിക നേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവെച്ച കർഷകനെ വൈക്കം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തലയാഴം സ്വദേശി മക്കൻ ചെല്ലപ്പൻ(67) ആണ് തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർഷകനായ ചെല്ലപ്പൻ മരിക്കുന്നതിന് രണ്ട ദിവസം മുൻപ് സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു. കൃഷിക്കാരനായ തന്നെ നേതാക്കൾ വഞ്ചിക്കുകയായിരുന്നു എന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വിഡിയോയിൽ പറയുന്നു.

തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയിൽ മക്കൻ ചെല്ലപ്പൻ പറയുന്നുണ്ട്. കൃഷി മന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും തന്റെ കാർഷിക ഗവേഷണങ്ങളെയും നഴ്‌സറിയെയും തകർക്കാൻ സിപിഐ നേതാക്കൾ നിരന്തരം ശ്രമിച്ചുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. പലപ്പോഴും തന്റെ കൃഷികൾ നശിപ്പിച്ചതായും ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താൻ തന്നെ ചെയ്തതാണെന്ന് പാർട്ടിക്കാർ പ്രചരിപ്പിച്ചെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കമ്മീഷനെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായതായും സിപിഐക്കാർ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനവും തനിക്കറിയാമെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
