കോട്ടയം: കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ താപനില ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഇന്ന് (07/04/2026) മുതൽ 09/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്ന് (07/04/2026) മുതൽ 09/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയും ഉയർന്നു നിൽക്കുകയാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
