കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും കലാശക്കൊട്ട് വമ്പൻ പരിപാടിയാക്കാനാണ് മുന്നണികളുടെ തീരുമാനം.

സംസ്ഥാനത്ത് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അവസാനവട്ട പ്രചാരണ പരിപാടികളിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുകയാണ് എല്ലാ മുന്നണി പ്രവർത്തകരും. ഇന്ന് വൈകീട്ട് ആറിന് പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങും.

നാളെ നിശബ്ദപ്രചാരണം. വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഭരണ തുടർച്ചയോ ഭരണ മാറ്റമോ എന്ന് ജനങ്ങൾ വ്യാഴാച വിധിയെഴുതും. ഓരോ തദ്ദേശ മേഖലകൾ കേന്ദ്രീകരിച്ചും ഇത്തവണ കൊട്ടിക്കലാശം പ്ലാൻ ചെയ്തിട്ടുണ്ട്. വോട്ടിങ് സാമഗ്രികളുടെ വിതരണം നാളെ നടക്കും. വ്യാഴാഴ്ച രാവിലെ ഏഴുമണിമുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.
