വികസനമില്ലാത്ത പതിനഞ്ച് വർഷക്കാലം കാഞ്ഞിരപ്പള്ളി കണ്ടു, പുരോഗതിയുടെ പുതിയ കാലമാണ് ഇനി കാഞ്ഞിരപ്പള്ളിക്ക് നൽകുന്ന ഉറപ്പ്: റോണി കെ ബേബി.


കാഞ്ഞിരപ്പള്ളി: വികസനമില്ലാത്ത പതിനഞ്ച് വർഷക്കാലമാണ് കാഞ്ഞിരപ്പള്ളി കണ്ടതെന്നും പുരോഗതിയുടെ പുതിയ കാലമാണ് ഇനി കാഞ്ഞിരപ്പള്ളിക്ക് നൽകുന്ന ഉറപ്പ് എന്നും യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി റോണി കെ ബേബി.

 

 കാഞ്ഞിരപ്പള്ളിയെ പറഞ്ഞു പറ്റിച്ച പതിനഞ്ച് വർഷങ്ങളാണ് കടന്ന് പോയത്. ഒന്നും നടക്കാത്ത പതിനഞ്ച് വർഷങ്ങൾ വെറും വാഗ്ദാനങ്ങളിൽ മാത്രം ഒരുങ്ങുകയായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ വികസന ഭൂപടത്തിൽ കാഞ്ഞിരപ്പള്ളിയെ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് വർഷം നീണ്ട വികസന മുരടിപ്പാണ് ഈ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ പരാജയപ്പെടാൻ പോകുന്നത്. കാഞ്ഞിരപ്പള്ളി നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ബൈപാസും കുടിവെള്ളവും അടക്കം നിരവധി പ്രശ്നങ്ങൾ കാഞ്ഞിരപ്പള്ളിയെ അലട്ടുന്നുണ്ട്. ഈ നാടിന്റെ അടിസ്ഥാന വികസനം പോലും സാധ്യമാക്കാത്ത കാലത്തിനു നാം മറുപടി പറയണം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാഞ്ഞിരപ്പള്ളിയുടെ വികസനം ചർച്ച ചെയ്യുന്ന തെരെഞ്ഞെടുപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കുടിവെള്ള പ്രശ്നം. ഈ നാട്ടിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ഇന്നും കുടിവെള്ളം അന്യമാണ്. പതിനഞ്ച് വർഷമായി ജനങ്ങൾ ഈ ദുരിതം അനുഭവിക്കുന്നു. ആരാണ് ഉത്തരവാദി? സ്വന്തം സർക്കാരും സ്വന്തം പാർട്ടിയുടെ ജല വകുപ്പ് മന്ത്രിയും എല്ലാം ഉണ്ടായിട്ടും ഈ നാടിന്റെ ദാഹം മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് അധികാരം എന്നും റോണി കെ ബേബി ചോദിച്ചു. കാഞ്ഞിരപ്പള്ളിയുടെ സർവ്വ മേഖലയും തൊട്ടറിയുന്ന വികസനം ഉറപ്പ് നൽകിയാണ് തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നതെന്നു അദ്ദേഹം പറഞ്ഞു.