പോളിംഗ് സ്റ്റേഷനുള്ളിൽ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിപുല ക്രമീകരണങ്ങൾ, പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം.


കോട്ടയം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് നടപടികളുടെ സുരക്ഷയ്ക്കുമായി പോലീസ് വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 32 സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കീഴിലും രണ്ട് പട്രോളിംഗ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

 

 പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിവൈ.എസ്.പിമാരുടെ കീഴിലുള്ള സ്‌ട്രൈക്കർ ഫോഴ്‌സുകളും ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന സ്‌ട്രൈക്കർ ഫോഴ്‌സും പ്രവർത്തിക്കുന്നുണ്ട്. ആകെ 4577 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലത്തിനും സുരക്ഷക്കുമായി നിയോഗിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു. 14 ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 1717 സ്പെഷ്യൽ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് പോലീസ് സേനയെ വിന്യസിക്കുന്നത്. പോളിംഗിനു ശേഷം കളക്ഷൻ സെന്ററുകളിലാണ് വോട്ടിംഗ് മെഷീനുകൾ എത്തിക്കുക. നാലു മണ്ഡലങ്ങളിൽ കളക്ഷൻ സെന്ററിൽതന്നെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

 

 അഞ്ചു മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഒൻപതാം തീയതി തന്നെ ഇവ മാറ്റുന്നതിന് കേന്ദ്ര സായുധ പോലീസ് സേനയും പോലീസും സുരക്ഷയൊരുക്കും. 

വോട്ടെടുപ്പ് ദിവസവും തലേന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ  മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.

o സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.

o സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാൻ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂർ പരിധിക്കുള്ളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്ന നടപടികൾ ഒഴിവാക്കണം.

o അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും നൽകണം

o സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്‌ളിപ്പുകൾ വെള്ളക്കടലാസിൽ ആയിരിക്കണം. ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ കക്ഷിയുടെ പേരോ ഇതിൽ ഉണ്ടാകാൻ പാടില്ല.

o പോളിംഗ് ബൂത്തുകളുടെ പരിസരത്തും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്കു സമീപവും അനാവശ്യ ആൾക്കൂട്ടം പാടില്ല.

o സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാടരഹിതമാകണം. അവിടെ ചുവർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കാനോ ആഹാര പദാർഥങ്ങൾ വിതരണം ചെയ്യാനോ പാടില്ല.

o വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.

o സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ  നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കരുത്.