ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്, ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഒന്നു വീതം പിങ്ക് ബൂത്തുകൾ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പുദിവസം രാവിലെ മോക്‌പോളിംഗ് ആരംഭിക്കുന്നതു മുതൽ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള ക്രമീകരണമാണുള്ളത്.

 

 ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഒന്നുവീതം പിങ്ക് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ ബൂത്തുകളിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരും സുരക്ഷാ ചുമതലയുള്ളവരും ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ഉദ്യോഗസ്ഥർക്ക് താമസത്തിനുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. 

ഓരോ മണ്ഡലത്തിലെയും പിങ്ക് ബൂത്തുകളുടെ വിവരം ചുവടെ. ബൂത്ത് നമ്പർ ബ്രാക്കറ്റിൽ.

പാലാ- സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കിഴതടിയൂർ,പാലാ(156)

കടുത്തുരുത്തി- സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ കുര്യനാട്(108)

വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ, വൈക്കം(95)

ഏറ്റുമാനൂർ- ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റുമാനൂർ(67)

 

 കോട്ടയം- സാന്തോം സ്‌കൂൾ, വടവാതൂർ(54)

പുതുപ്പള്ളി- ഗവണ്മെന്റ് ടി.എച്ച്.എസ്,വെള്ളൂർ(100)

ചങ്ങനാശേരി- സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, വെരൂർ(51)

കാഞ്ഞിരപ്പള്ളി- സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, കാഞ്ഞിരപ്പള്ളി(28)

പൂഞ്ഞാർ- മ്യൂസിയം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, നടയ്ക്കൽ, ഈരാറ്റുപേട്ട(11)

കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലെ വേളൂർ അങ്കണവാടിയിലെ ബൂത്താണ്  (നമ്പർ-95 ) നൂറു ശതമാനം ഭിന്നശേഷി ബൂത്തായി ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ ജീവനക്കാരായിരിക്കും ഇവിടെ പോളിംഗ് ജോലികൾ നിർവഹിക്കുക. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വിശ്രമിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഇവിടെ ഒരുക്കും. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും ഹരിതചട്ടം പാലിച്ചായിരിക്കും പ്രവർത്തിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കും. മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബിന്നുകൾ എല്ലായിടത്തും ക്രമീകരിക്കുന്നുണ്ട്. മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.