വൈക്കം: ദീര്ഘനാളുകളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സിപിഐ യുടെ ഉറച്ച കോട്ടയായ വൈക്കത്ത് ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുമോ എന്ന് കാത്തിരിക്കുകയാണ് നാട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ നാളുകളിലാണ് ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച സംഭവങ്ങളാണ് വൈക്കം നിയോജക മണ്ഡലത്തിൽ അരങ്ങേറിയിരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സിപിഐ സാരഥി പി.പ്രദീപാണ് മത്സരിക്കുന്നത്.

 

 യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.ബിനിമോൻ, ബിജെപി സ്ഥാനാർത്ഥിയായി കെ.അജിത്തുമാണ് മത്സര രംഗത്തുള്ളത്. കോട്ടയം ജില്ലയിലെ സിപിഐയുടെ ഏക സീറ്റാണ് വൈക്കം. ദീർഘനാളുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് വൈക്കം. കഴിഞ്ഞ രണ്ട് തവണയായി സിപിഐ യുടെ സി.കെ ആശയാണ് വൈക്കത്ത് എംഎൽഎ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിലും അധികം വോട്ടുകൾ നൽകിയാണ് വൈക്കം ഇടതുപക്ഷ സ്ഥാനാർഥിയായ സി കെ ആശയെ രണ്ടാമതും വിജയിപ്പിച്ചു നിയമസഭയിലേക്കയച്ചത്. 2016 ൽ 61,997 വോട്ടുകൾ ആശയ്ക്ക് ലഭിച്ചപ്പോൾ 2021 ൽ 71,388 വോട്ടുകളാണ് ആശ നേടിയെടുത്തത്. ആദ്യതവണയിലും കൂടുതൽ വോട്ടുകൾ വൈക്കത്ത് ആശ നേടി. സിപിഐ യുടെ കോട്ടയായ വൈക്കത്ത് കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2016 ൽ യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ. എ സനീഷ്‌കുമാർ 37,413 വോട്ടുകൾ നേടിയപ്പോൾ 2021 ൽ യുഡിഎഫ് സ്ഥാനാർഥിയായ ഡോ.പി.ആർ സോനാ 42,266 വോട്ടുകൾ നേടി. ഇവിടെ രണ്ടു തവണയായി യുഡിഎഫിന്റെ വോട്ട് വിഹിതം കൂടിയിട്ടുണ്ട്. വൈക്കത്ത് കടുത്ത മത്സരത്തിനാണ് ബിജെപി ഒരുങ്ങുന്നത്. മുതിർന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വൈക്കത്ത് സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുകയായിരുന്നു. ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ദളിത് വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല എന്നും വ്യക്തമാക്കിയാണ് കെ അജിത്ത് ബിജെപി അംഗത്വം സ്വീകരിച്ചത്. 2006,2011 വർഷങ്ങളിൽ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്. വൈക്കത്തെ ജനങ്ങൾക്കിടയിൽ ബന്ധങ്ങളും മണ്ഡലത്തിലെ പ്രവർത്തനങ്ങളും മുൻ നിയമസഭാ സാമാജികനും എന്നത് മുൻനിർത്തി കൂടുകൾ വോട്ടുകൾ നേടി വിജയിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചയാളാണ് അജിത്ത്. 2006 ൽ കോൺഗ്രസ്സിലെ വി പി സജീന്ദ്രനെ 7886 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയും 2011 ൽ കോൺഗ്രസ്സിലെ എ സനീഷ്‌കുമാറിനെ 10500 വോട്ടിന് പരാജയപ്പെടുത്തുകയും ചെയത വ്യക്തിയാണ് കെ അജിത്ത്. 2016 ൽ വൈക്കത്ത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ കെ നീലകണ്ഠൻ മാസ്റ്റർ 30,067 വോട്ടുകൾ നേടിയപ്പോൾ 2021 ൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച അജിതാ സാബുവിന് ലഭിച്ചത് 11,953 വോട്ടുകൾ മാത്രമാണ്. ഇവിടെ മുന്നണിക്ക് വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട്. കെ എസ് യു വിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ കെ ബിനിമോൻ എം ജി യൂണിവേഴ്സ്റ്റിറ്റി യൂണിയൻ കൗൺസിലർ, കെ​എ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൊ​ത​വ​റ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗവും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും വൈ​ക്കം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റിയുമാണ് കെ ബിനിമോൻ. വരുന്ന തിരഞ്ഞെടുപ്പിൽ വൈക്കത്തിന്റെ ഉറച്ച കോട്ട വീണ്ടും ഉറപ്പിക്കുമോ, ദീർഘനാളായുള്ള കോട്ട കൈവിട്ടുപോകുമോ എന്നും അട്ടിമറി വിജയങ്ങളുണ്ടാകുമോ, എന്നും അറിയാൻ കാത്തിരിക്കാം.

Next
This is the most recent post.
Previous
Older Post