വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി നിർണ്ണയത്തിൽ തർക്കം. യുഡിഎഫ് സ്ഥാനാർത്ഥിയായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട് വേണ്ടെന്ന് പ്രമേയം പാസാക്കി മണ്ഡലത്തിലെ വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികൾ.

മഹാത്മഗാന്ധിയെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകൾ പ്രവേശിക്കണം എന്ന അദ്ദേഹത്തിന്റെ നിലപാട് യുഡിഎഫ് നയങ്ങൾക്ക് വിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു. സണ്ണി എം കപിക്കാടിനെ സ്ഥാനാർത്ഥിയാക്കിയാൽ സൈബർ ഇടങ്ങളിൽ എതിർപാർട്ടിക്കാർ ഈ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. ഗാന്ധിയൻ ദർശനങ്ങളെ ആദരിക്കുകയും പിന്തുടരുകയും എല്ലാ ജാതി മതസമൂഹങ്ങളോടും സഹിഷ്‌ണുതയും ഐക്യവും നിലനിർത്തുന്ന ആളായിരിക്കണം സ്ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ വിശ്വാസവും അംഗീകാരവും നേടിയ ആളാകണം. ഇദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന ആളാണ് എന്നും ബ്ലോക്ക് കമ്മിറ്റികള്‍ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. സണ്ണി എം കപിക്കാടിന് പകരം മണ്ഡലത്തിൽ നിന്നുള്ള സജീവ പ്രവർത്തകരെ പരിഗണിക്കണമെന്നാണ് ബ്ലോക്ക് കമ്മിറ്റികളുടെ ആവശ്യം. ഇതിനായി കെ. ബിനിമോൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.കെ. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം നേതൃത്വത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്.

