കോട്ടയം: കോട്ടയം ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ സൈബർ ഹണ്ട് സ്‌പെഷ്യൽ ഡ്രൈവിൽ 54 റെയ്ഡിൽ 12 പേർ പിടിയിൽ.

സംസ്ഥാനത്തിനകത്തും പുറത്തുമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ കേസുകളിൽ തട്ടിപ്പ്കാർക്ക് സഹായം ചെയ്തവരെയാണ് പോലീസ് പിടികൂടിയത്. പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എ ടി എം വഴിയോ പിൻവലിച്ചു തട്ടിപ്പുകാർക്ക് സഹായം നൽകുന്ന വിവിധ മ്യൂൾ ബാങ്ക് അക്കൗണ്ടന്റ് ഹോൾഡർമാർക്കെതിരെയാണ് പോലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പുകാരെ സഹായിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എഡിജിപി സൈബർ ഓപ്പറേഷൻസിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് ജില്ലയിൽ 12 പേർ പിടിയിലായത്. ജില്ലയിൽ നടത്തിയ പരിശോധനയിൽ 6 പേർക്ക് നോട്ടീസ് ഇഷ്യൂ ചെയ്തതായും 24 എഫ്ഐആർ രജിസ്റ്റർ ചെയ്തതായും 12 ഡിവൈസുകൾ പിടിച്ചെടുത്തതായും സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ഹണി കെ ദാസ് അറിയിച്ചു.

