ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ ആകെ ആസ്തി 84 രൂപ മാത്രം. ഏറ്റുമാനൂർ മണ്ഡലം എസ് യു സി ഐ സ്ഥാനാർഥിയായ ആഷ്‌ന തമ്പിയാണ്(26) ഏറ്റവും കുറവ് ആസ്തിയുള്ളയാൾ.

കയ്യിലുള്ളത് 40 രൂപയും അക്കൗണ്ടിൽ 44 രൂപയുമാണുള്ളത്. എറണാകുളം അരയങ്കാവ് സ്വദേശികളായ സി കെ തമ്പിയുടെയും പി പി ഓമനയുടെയും മകളാണ് ആഷ്‌ന. പിതാവ് ജില്ലാ കമ്മറ്റി അംഗവും മാതാവ് ലോക്കൽ കമ്മറ്റി അംഗവുമാണ്. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഈ സ്ഥാനാർത്ഥിക്ക് ഇല്ല. ബാധ്യതകളുമില്ല. 2019 ൽ എം ജി സർവ്വകലാശാലയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ ബിരുദാനന്ത ബിരുദത്തിനു പഠിക്കാനായാണ് ആഷ്‌ന കോട്ടയത്ത് എത്തുന്നത്. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്നും ജേർണലിസം പി ജി ഡിപ്ലോമയും നേടി. തിരുവാർപ്പ് ലോക്കൽ കമ്മറ്റി അംഗവും എ ഐ ഡി എസ് ഓ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാർട്ടിയുടെ മീഡിയ കോ-ഓർഡിനേറ്ററുമാണ് ആഷ്‌ന.
