കോട്ടയം: ഓസ്‌ട്രേലിയയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള കിൽമോറിൽ താമസിക്കുന്ന കോട്ടയം എരുമേലി മുക്കൂട്ടുതറ സ്വദേശി പെരുമ്പറയിൽ ടിജോ ജോസ് തോമസ് (35) ആണ് വാഹനാപകടത്തിൽ മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. ജോലിക്ക് കയറാനായി പോകുന്നതിനിടെ ടിജോ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു മരത്തിലിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ ടിജോയുടെ മരണം സംഭവിച്ചിരുന്നു. വിക്ടോറിയയിലെ ബെൻഡിഗോയ്ക്ക് സമീപം ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡിലായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ വർഷമായിരുന്നു ടിജോയുടെയും അഞ്ജു തോമസിന്റെയും വിവാഹം നടന്നത്. ഇവർക്ക് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
