പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായിൽ ഇത്തവണ അരങ്ങേറുക വാശിയേറിയ കടുത്ത ത്രികോണ പോരാട്ടം. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും എൻഡിഎ സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജുമാണ് മത്സര രംഗത്തുള്ളത്.

 

 മൂന്നു മണികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ശക്തമാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ടുറപ്പിക്കുകയാണ് മൂന്നു മുന്നണി സ്ഥാനാർത്ഥികളും. ഇത്തവണ പാലായിൽ മത്സരം കടുക്കും. കൈവിട്ടു പോയ കോട്ട എന്ത് വില കൊടുത്തും തിരികെ പിടിക്കാനാണ് കേരളാ കോൺഗ്രസ്സ് എം ശ്രമിക്കുന്നത്. ഒപ്പം ഇത് കേരളാ കോൺഗ്രസ് എമ്മിന്റെയും ജോസ് കെ മാണിയുടെയും അഭിമാന പോരാട്ടം കൂടിയാണ്. മുന്നണി മാറിയപ്പോഴും വീണ്ടും മുന്നണി മാറാനുള്ള ശ്രമം നടത്തിയപ്പോഴും പാർട്ടിക്കുള്ളിലും പുറത്തുമുണ്ടായ എതിർപ്പുകളെയും ഇഷ്ട്ടക്കേടുകളെയും മറികടക്കണമെങ്കിൽ ജോസ് കെ മാണിക്ക് ഈ തെരഞ്ഞെടുപ്പ് വിജയിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. എം പി സ്ഥാനം ലഭിച്ചിട്ടും വീണ്ടും വീണ്ടും ഈ സ്ഥാനങ്ങൾ രാജിവെച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നൊരു സംസാരവും നിലവിലുള്ളപ്പോൾ ജോസ് കെ മാണിക്ക് ഇതൊരു അഭിമാന പോരാട്ടം കൂടിയാണ്. എന്നാൽ അരനൂറ്റാണ്ടിലധികം കെ എം മാണി എന്ന വ്യക്തിപ്രഭാവത്തിനൊപ്പം നിന്ന പാലാ കെ എം മാണിയുടെ മരണ ശേഷം പാർട്ടിക്കപ്പുറം വ്യക്തിപ്രഭാവത്തിനൊപ്പം എന്ന നിലയിലേക്ക് മാറിയതായി കാണാം. ഇതിനൊരു തെളിവാണ് മാണി സി കാപ്പന്റെ വിജയം. യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് എത്തിയപ്പോഴും ഈ നിലയിൽ മാറ്റമുണ്ടായില്ല. കാപ്പൻ തന്നെ വിജയിച്ചു. ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പമായിരുന്ന കാപ്പൻ വിജയിച്ചതും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് എം ഇടതുപക്ഷത്തെത്തിയപ്പോൾ യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ വീണ്ടും പാലായിൽ വിജയിച്ചതും പാർട്ടിയോ മുന്നണിയോ അല്ല മറിച്ചു പാലായുടെ വോട്ടുകൾ വ്യക്തികേന്ദ്രീകൃതമാണ് എന്ന നിഗമനത്തിൽ എത്താവുന്ന വിധമാണ്. കഴിഞ്ഞ രണ്ടു തവണത്തെ തെരഞ്ഞെടുപ്പുകളിൽ ബിജെപി യുടെ വോട്ട് വിഹിതം കൂടിയതും ഇതിനു മറ്റൊരു തെളിവാണ്. 2016 ലെ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരവും ബാർകോഴ വിവാദങ്ങളും ഉയർന്നപ്പോൾ ഈ വോട്ട് വിഹിതത്തിൽ വിള്ളൽ ഉണ്ടായി. 58,884 വോട്ടുകൾ കെ എം മാണി നേടിയപ്പോൾ 54,181 വോട്ടുകൾ നേടി മാണി സി കാപ്പൻ തൊട്ടു പിന്നിലുണ്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എൻ ഹരി 24,821 വോട്ടുകൾ നേടി. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ 54137 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വോട്ട് വിഹിതം ഉയർന്നു. 69,804 വോട്ടുകൾ മാണി സി കാപ്പന് ലഭിച്ചു. 54,426 വോട്ടുകളാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. ഇവിടെ മുന്നണികൾക്കും പാർട്ടിക്കുമപ്പുറം വോട്ടുകൾ വ്യക്തികേന്ദ്രീകൃതമായി എന്നുള്ളത് വ്യക്തമായി കാണാവുന്നതാണ്. അരനൂറ്റാണ്ടിലധികം വ്യക്തിപ്രഭാവത്തിനൊപ്പം നിന്ന പാലാ, മുന്നണികൾ മാറിയപ്പോഴും കെ എം മാണിക്കൊപ്പം നിന്ന പാലാ, മകനെ കൈവിട്ട കാഴ്ചയാണ് ഇവിടെ പാലാ കണ്ടത്. ഇത്തവണ ബിജെപി സ്ഥാനാർഥിയായ ഷോൺ ജോർജ്ജും കരുത്തുറ്റ സ്ഥാനാര്ഥിയായതിനാൽ പാലാ സാക്ഷ്യം വഹിക്കുന്നത് അതിശക്തമായ കടുത്ത ത്രികോണ മത്സരത്തിനാണ്. അട്ടിമറി വിജയത്തിനുള്ള സാധ്യതയും പാലായിൽ ദൃശ്യമാകുന്നുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് നേരിട്ട തടസ്സവും വിജയിച്ചാലുണ്ടാകുന്ന പാലായുടെ പുതിയ വികസന മുഖവും ചർച്ച ചെയ്താണ് യുഡിഎഫ് വോട്ടുറപ്പിക്കുന്നത്. പാലായിൽ വികസനമെത്തിയില്ല എന്നും വികസനം ഫ്ളക്സ് ബോർഡുകളും വാഗ്ദാനങ്ങളിലും മാത്രമാണുള്ളതെന്നും എം പി ഫണ്ടുകളിൽ ഭൂരിഭാഗവും പാലയ്ക്ക് ചിലവഴിച്ചു കേന്ദ്ര പദ്ധതികളടക്കം പാലായിൽ എത്തിച്ചത് ചൂണ്ടിക്കാട്ടിയും വരാനുള്ള പദ്ധതികളും ചർച്ചയാക്കിയാണ് എൽഡിഎഫ് വോട്ടു തേടുന്നത്. വികസനമില്ലെന്നു ഒരുപക്ഷവും വികസനത്തിന് തടസ്സം നിന്നെന്ന് മറ്റൊരു പക്ഷവും വാദിക്കുമ്പോൾ പാലായ്ക്ക് നഷ്ടപ്പെടുന്നത് വികസനമാണെന്നും ഇടത്-വലത് മുന്നണികൾ പാലായുടെ വികസനം തടസപ്പെടുത്തുകയുമാണെന്നു ചർച്ചയാക്കിയാണ് ബിജെപി വോട്ട് തേടുന്നത്. പാലായിലെ തെരഞ്ഞെടുപ്പ് മത്‌സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല, മറിച്ച് വ്യക്തപരമായും, അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ്. മൂന്നു മുന്നണികളിലെയും കരുത്തുറ്റ സാരഥികളെയാണ് പാർട്ടി ഇത്തവണ പാലായിൽ മത്സരിപ്പിക്കുന്നത്. മൂവരും പാലായുടെ മണ്ണിൽ ഏറെ പ്രിയങ്കരും രാഷ്ട്രീയ പാരമ്പര്യമുള്ളവരുമാണ്. ഇത്തവണ കടുത്ത ത്രികോണ പോരാട്ടത്തിൽ പാലായുടെ ജനഹിതം ആർക്കൊപ്പം എന്ന് കാത്തിരുന്നു കാണാം.