കോട്ടയം: അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് കണ്ടെത്തി. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന കളത്തിപറമ്പിൽ ജോൺസൺ മകൾ ജസ്‌ലിയ ജോൺസൺ(19) ആണ് മരിച്ചത്.

അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനി ആയിരുന്നു ജസ്‌ലിയ. മോണിംഗ് സ്റ്റാർ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഡോമിനോസിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ന് ആണ് അപകടം ഉണ്ടായത്. ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജസ്‌ലിയയെ പിന്നിൽ നിന്ന് അമിത വേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ ജാസ്‌ലിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുവഴിയെത്തിയ ഹൈവേ പൊലീസാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആലുവാ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് 3ന് പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വീട്ടുകാർ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്ന് നാല് പേർക്ക് പുതുജീവനേകിയാണ് ജസ്‌ലിയ വിട പറയുന്നത്. കരളും വൃക്കയും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. വിദ്യാർത്ഥിനിയെ ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ കാർ കണ്ടെത്തിയിരുന്നു. അതിരമ്പുഴ സ്വദേശി ജോർജ് തോമസിൻ്റെയാണ് വാഹനം ജോർജ് തോമസിന്റെ മകനും ഡോക്ടറുമായ സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണു വിവരം. സംഭവത്തിൽ ഇതുവരെ വാഹനം ഓടിച്ചയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

