'കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ', പാലക്കാട് സ്ഥാനാർത്ഥിത്വം തള്ളാതെ രമേശ് പിഷാരടി, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു.


പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും.

 

 കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി​ഗണിക്കുന്നത് തന്നെ ഒരു അം​ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജനിച്ചു വളർന്ന നാടാണെന്നും രമേശ് പിഷാരടി പുതുപ്പള്ളിയിൽ പറഞ്ഞു. പുതുപ്പള്ളി ഫെസ്റ്റിന്റെ ഭാഗമായി എത്തിയ രമേശ് പിഷാരടി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ചാണ്ടി ഉമ്മനും ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്, പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം എന്നിവർ പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ പറ്റുന്നിടത്തോളം മണ്ഡലങ്ങളിൽ പ്രവർത്തിക്കുമെന്നും ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നും ഔദ്യോഗികമായി സംസാരങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പിഷാരടി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം പാലക്കാട് സ്ഥാനാർത്ഥിത്വം തള്ളാതെ രമേശ് പിഷാരടി മാധ്യമങ്ങളോട് സംസാരിച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും അത് ഏത് മണ്ഡലത്തിൽ ആയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പിഷാരടി പറഞ്ഞു.