കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ സ്ഥാനാർഥി നിർണ്ണയത്തിൽ തിരക്കിട്ട ചർച്ചയിലാണ് യുഡിഎഫ് സംസ്ഥാന നേതൃത്വം. 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി.

അതേസമയം കോട്ടയം ഉൾപ്പടെ 4 ജില്ലകളിലെ സീറ്റുകളിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,ആലപ്പുഴ ജില്ലകളിലെ നിയോജക മണ്ഡലങ്ങളിലെ സീറ്റുകളിലാണ് ഇനി സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകാനുള്ളത്. വരും ദിവസങ്ങളിൽ തന്നെ ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കി സംസ്ഥാന നേതൃത്വം പട്ടിക സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറും. നിലവിൽ പട്ടിക നല്കിയിരിക്കുന്നതിൽ 50 മണ്ഡലങ്ങളിലേക്ക് 40 മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി ഓരോരുത്തരുടെ പേരുകൾ മാത്രമാണ് സംസ്ഥാന നേതുത്വം നൽകിയിരിക്കുന്നത്. 10 മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നിലധികം പേരുകൾ നൽകിയിരിക്കുന്നത്. ജില്ലയിൽ കോട്ടയം നിയോജക മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും തന്നെ മത്സരിക്കും. വൈക്കത്ത് സണ്ണി എം.കപിക്കാടിന്റെ പേര് പരിഗണനയിലുണ്ട്. മറ്റു നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക നേതൃത്വം തയ്യാറാക്കുന്നതേയുള്ളു. വരും ദിവസങ്ങളിൽ പട്ടിക പൂർണ്ണമാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

