തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്! പാമ്പാടി,കഞ്ഞിക്കുഴി,അതിരമ്പുഴ എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും, നഗരത്തിൽ ഗ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത് എത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പര്യടനത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രാഹുലിനെ ദീപാ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, പാലോട് രവി എന്നീ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

 

 പത്തനംതിട്ടയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പര്യടനത്തിന് ശേഷം രാഹുൽ കോട്ടയത്തേക്ക് തിരിക്കും. കോട്ടയത്തു എത്തുന്ന രാഹുൽ ഗാന്ധി വൈകിട്ട് 3 മണിക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്തും 4ന് കോട്ടയം നിയോജക മണ്ഡലം കൺവെൻഷൻ നടക്കുന്ന കഞ്ഞിക്കുഴിയിലും 5 മണിക്ക് ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവെൻഷൻ നടക്കുന്ന അതിരമ്പുഴ മാർക്കറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും യാത്ര തിരിക്കും. കോട്ടയത്ത് എത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാമ്പാടിയിലും കഞ്ഞിക്കുഴിയിലെ അതിരമ്പുഴയിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഹെലികോപ്റ്ററിൽ 2.45 ന് പാമ്പാടി ആർഐടി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലെത്തുന്ന രാഹുൽ റോഡ് മാർഗ്ഗം പാമ്പാടിയിൽ എത്തും. അതിരംപുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടിൽ എത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്കു പോകും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട്  ഉച്ചയ്ക്ക് 3.00 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും,ഏറ്റുമാനൂരിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കോട്ടയം ടൗണിൽ നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ലോഗോസ് ജംഗ്ഷനിൽ നിന്നും പോലീസ് ക്ലബ്, റബർ ബോർഡ് വഴി തിരിച്ച് വിടും. കെ.കെ റോഡിന്റെ കിഴക്കു ഭാഗത്തു നിന്നും വരുന്ന ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ മണർകാട് വഴി പുതുപ്പള്ളി–ഞാലിയാകുഴി–തെങ്ങണ വഴി പോകണം. ചെറിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട് വഴികളിലൂടെ തിരിച്ച് വിടും. ഏറ്റുമാനൂർ ഭാഗത്തു നിന്നും അതിരമ്പുഴ വഴി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗാന്ധിനഗർ ജംഗ്ഷനിൽ നിന്നും തിരിയണം. മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി വഴി കാരിത്താസ് ജംഗ്ഷൻ വഴി പോകണം. മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും നീണ്ടൂർ, കല്ലറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാന്നാനം, കൈപ്പുഴ വഴിയാണ് പോകേണ്ടത്.