കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ആവേശം പകർന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കോട്ടയത്ത് എത്തും. ആദ്യം പ്രധാനമന്ത്രി പാലായിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് വേദി കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

എന്നാൽ പാലായിൽ തന്നെ പ്രധാനമന്ത്രിയുടെ പര്യടനം നടത്താനും നേതാക്കൾ ശ്രമിക്കുന്നുണ്ട്. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികൾ കോട്ടയത്ത് നാഗമ്പടം സ്റ്റേഡിയത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കോട്ടയത്തു പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. പ്രധാനമന്ത്രി എത്തുന്നതോടെ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളിൽ പ്രചാരണം കൊഴുക്കും. ശനിയാഴ്ച തിരുവനന്തപുരം,ആറന്മുള എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രി കോട്ടയത്തേക്ക് എത്തുക.
