നിയമസഭാ തെരഞ്ഞെടുപ്പ്: അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ടിന് കോട്ടയം ജില്ലയില്‍ ഇന്നലെ തുടക്കം കുറിച്ചു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിൽ വോട്ടിനു തുടക്കം. 85 വയസു പിന്നിട്ടവരുടേയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടേയും വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ വീടുകളിലെത്തിയാണ് പോളിംഗ് സംഘം വോട്ട് രേഖപ്പെടുത്തിയത്.

 

 ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 16,562 പേരാണ് ഈ രണ്ടു വിഭാഗങ്ങളിലുമായി വീട്ടിൽ വോട്ടിന് അപേക്ഷിച്ചിട്ടുളളത്. മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോലീസ് ഓഫീസർ എന്നിവരാണ് പോളിംഗ് ടീമിലുള്ളത്. സംഘത്തിനൊപ്പമുള്ള വീഡിയോഗ്രാഫർ പോളിംഗ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. വോട്ടിംഗിനുശേഷം പോളിംഗ് സംഘത്തിന്റെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റും.