എരുമേലി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് പൂഞ്ഞാർ നിയോജകമണ്ഡലം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ മാറി മാറിയാണ് സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നായ പൂഞ്ഞാർ ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

 

 ഇടത്-വലത് മുന്നണികൾക്കൊപ്പവും സ്വന്ത്രനായും മത്സരിച്ചു വിജയിച്ച പി സി ജോർജ്ജ് ഇത്തവണ പൂഞ്ഞാറിൽ തന്റെ പത്താം അംഗത്തിനൊരുങ്ങുകയാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനും മുൻപേ അനുദ്യോഗിക പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പൂഞ്ഞാറിൽ പി.സി. ജോർജിന്റെ പേര് എൻ.ഡി.എ. മുന്നണി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവർത്തകർ ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ രാഷ്ട്രീയ-സാംസ്കാരിക-സ്വകാര്യ പരിപാടികളിൽ സജീവമാണ് പി സി ജോർജ്ജ്. ഇനി വരാനുള്ളത് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം മാത്രമാണ്. ഇടത്-ഐക്യമുന്നണികൾക്കൊപ്പവും സ്വന്തന്ത്രനൊപ്പവും നിന്ന പൂഞ്ഞാറിന്റെ മനസ്സ് ഇത്തവണ ആർക്കൊപ്പം എന്നാണു ഇനി അറിയേണ്ടത്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി ഒരു നഗരസഭയും ഒൻപത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പൂഞ്ഞാർ നിയോജകമണ്ഡലം. കഴിഞ്ഞ തവണ പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷ സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് മത്സരിച്ചു രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. രാഷ്ട്രീയ കേരളത്തിൽ ജനങ്ങൾ ഉറ്റുനോക്കുന്ന പാർട്ടികൾക്കുള്ളിലും ചർച്ചാവിഷയമായി മാറിയിരിക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണ മത്സരം കടുത്തേക്കുമെന്നാണ് സൂചന. നിലവിൽ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ബി ജെ പി യുടെ നേട്ടങ്ങൾ പൂഞ്ഞാർ മണ്ഡലത്തിലും ചർച്ചാ വിഷയമാകുന്നുണ്ട്. പ്രവർത്തന മേഖലകൾ പാർട്ടി ശക്തമാക്കിയതോടെ പൂഞ്ഞാറിലും വിജയ സാധ്യത തേടുകയാണ് ബി ജെ പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 58668 വോട്ടുകൾ നേടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളാ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ച പി സി ജോർജ്ജ് 41851 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതിനാൽ തന്നെ പി സി ജോർജ്ജ് മത്സര രംഗത്ത് എത്തിയാൽ യു ഡി എഫിന് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും പേടിപ്പെടുത്തുന്ന മത്സരമാണ് ഉണ്ടായേക്കാവുന്നത്. 34633 വോട്ടുകൾ മാത്രമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടോമി കല്ലാനിയ്ക്ക് നേടാൻ കഴിഞ്ഞത്. 2006,2011,2016 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും വിജയിച്ചത് പി സി ജോർജ്ജ് ആയിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ടു വന്നത് അദ്ദേത്തിന്റെ പ്രവർത്തനങ്ങളുടെയും ജനസമ്മതിയുടെയും തെളിവാണ്. 2006 ൽ 48795 വോട്ടുകൾ നേടിയ പി സി ജോർജ്ജ് 2011 ൽ 59809 വോട്ടുകളും 2016 ൽ 63621 വോട്ടുകളും നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പൂഞ്ഞാറിന്റെ മണ്ണിലും തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്ന്‌ 1980 മുതൽ ഒൻപത് തവണ ജനവിധി തേടിയ പി.സി. ജോർജ് ഇത് പത്താം തവണയാണ് മത്സരിക്കുന്നത്. ഒൻപതിൽ ഏഴ് തവണയും വിജയിച്ച പി സി ജോർജ്ജ്, പൂഞ്ഞാർ എന്നാൽ പി സി ജോർജ്ജ് എന്ന് എഴുതിച്ചേർത്തു. പാർട്ടിക്കൊപ്പവും ഒറ്റക്ക് നിന്നും പൂഞ്ഞാറിന്റെ മനസ്സ് കീഴടക്കിയ ജനമുഖനായ നേതാവായിരുന്നു പി സി ജോർജ്ജ്. 7 തവണയോളം എം എൽ എ ആയിരുന്ന പി സി ജോർജ്ജ് ഒൻപത് തവണ മത്‌സര രംഗത്തുണ്ടായിരുന്നപ്പോൾ രണ്ട് തവണ മാത്രമാണ് പരാജയപ്പെട്ടത്. 1987 ലും 2021 ലുമായിരുന്നു ആ രണ്ട് പരാജയങ്ങൾ. വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് പി സി ജോർജ്ജിന്റേത്. ഇക്കാരണത്താലാണ് പൂഞ്ഞാറിൽ പി സി ജോർജ്ജിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ ബിജെപി പരിഗണിക്കാതിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി ഉടൻ പുറത്തു വിടുമെന്നാണ് കരുതുന്നത്.