മഹാമാരിക്കാലത്ത് ജീവൻ പണയം വെച്ച് ഒപ്പം നിന്ന മാലാഖമാർ ഇന്ന് തെരുവിൽ, അടിസ്ഥാന ശമ്പള വർധനവിൽ ചർച്ചയ്ക്ക് തയ്യാറാകാതെ കോട്ടയം കാരിത്താസ് മാനേജ്‌മെന്റ്,


കോട്ടയം: അടിസ്ഥാന ശമ്പളവർധനവ് ആവശ്യപ്പെട്ടു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ അനശ്ചിതകാല സമരം തുടരുന്നു. അടിസ്ഥാന ശമ്പളം 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾക്ക് മുൻപിൽ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്.

 

 ഇതിനോടകംതന്നെ വിവിധ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ യുഎൻഎ യുമായി ചർച്ചയ്ക്ക് തയ്യാറായപ്പോഴും കോട്ടയം കാരിത്താസ് ആശുപത്രി മാനേജ്‌മെന്റ് ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതിനോടകം ആശുപത്രി മാനേജ്‌മെന്റുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും നേഴ്‌സുമാരോട് മുഖം തിരിക്കുന്ന നിലപാടിലാണ് കാരിത്താസ് മാനേജ്‌മെന്റ്. അടിസ്ഥാന ശമ്പള വർധനവിൽ ധാരണയാകാത്ത സ്വകാര്യ ആശുപത്രികളിൽ അനിശ്ചിതകാല സമരം തുടരുകയാണ്. മഹാമാരിക്കാലത്ത് ജീവൻ പണയം വെച്ച് ഒപ്പം നിന്ന മാലാഖമാർ ഇന്ന് അതിജീവനത്തിനായി തെരുവിൽ തുടരുകയാണ്. വിശുദ്ധ വാരത്തിലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ. ചർച്ചകൾക്ക് തയ്യാറായി ധാരണയാകുന്ന സ്ഥാപനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്നും എപ്പോഴും ചർച്ചക്ക് തയ്യാറെന്നും യുഎൻഎ ഭാരവാഹികൾ പറഞ്ഞു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ എൺപത് ശതമാനത്തോളം നേഴ്‌സുമാർ ഒരാഴ്ചയോളം ആശുപത്രിക്ക് മുൻപിൽ സമരം നടത്തിയിട്ടും ആശുപത്രി മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. പൊതുസമൂഹത്തിനു വേണ്ടിയും രോഗബാധിതർക്ക് വേണ്ടിയും മഹാമാരിക്കാലത്ത് ജീവൻ പണയം വെച്ച് ഒപ്പം നിന്ന നേഴ്‌സുമാർക്ക് വേണ്ടിയും കോട്ടയം കാരിത്താസ് ഉളപ്പടെയുള്ള ആശുപത്രികൾ ചർച്ചയ്ക്ക് തയ്യാറാകണം. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് താത്കാലികമായി നേഴ്‌സുമാർ സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്തുവാൻ അവസരം ഒരുക്കിയത്. ശമ്പള പരിഷ്ക്കരണം നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നഴ്സുമാർ വേണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. നഴ്സിംഗ് സമരം ഒത്തു തീർപ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഹോസ്പിറ്റൽ മാനേജ്മെന്റ് അസ്സോസിയേഷൻ ആണ്. സമരം നീളുന്നതോടെ ബുദ്ധിമുട്ടിലാകുന്നത് രോഗബാധിതരും കേരളത്തിന്റെ പേരുകേട്ട ആരോഗ്യ മേഖലയുമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നേഴ്‌സുമാരോട് മുഖം തിരിച്ചിരിക്കുകയാണ് മാനേജ്‌മെന്റുകൾക്കൊപ്പം ഭരണ-പ്രതിപക്ഷ പാർട്ടികളും. രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഇത്രയും നാളായുള്ള നീണ്ട വലിയ സമരത്തിൽ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാമോ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ കാരിത്താസ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറാകുമെന്നും അടിസ്ഥാന ശമ്പളവർധനവിൽ അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കാം.