ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ഓശാന ഞായർ, ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക്, തിരുക്കർമ്മങ്ങൾക്കായി ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങ


കോട്ടയം: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് കുരുത്തോലത്തിരുനാൾ ആചരിക്കുന്നു. ഞായറാഴ്ച രാവിലെ പള്ളികളിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഓശാന ഞായർ തിരുക്കർമ്മങ്ങളും നടന്നു. 

 

 കഴുതപ്പുറത്തേറി യേശു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയപ്പോൾ വിശ്വാസികൾ ഒലീവ് ഇല വീശി വരവേറ്റതിന്റെ ഒർമയാണ് കുരുത്തോല തിരുനാൾ. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ പുതുക്കലായ വ്യാഴാഴ്ച വിശ്വാസികൾ പെസഹ ആചരിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കലുമാണ് പ്രധാന ശുശ്രൂഷകൾ. വിനയത്തിന്റെ മാതൃക കാട്ടി യേശു തന്റെ ശിഷ്യരുടെ കാൽകഴുകി ചുംബിച്ചതിനെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. ദുഃഖവെള്ളി ദിവസം രാവിലെ പീഡാനുഭവ സ്മരണ പുതുക്കലും വൈകിട്ട് നഗരികാണിക്കൽ പ്രദിക്ഷിണവും, കുരിശിന്റെ വഴിയും നടക്കും. അമ്പത് നോമ്പിന് സമാപനം കുറിച്ചുള്ള ഈസ്റ്റർ ഞായറാഴ്ചയാണ്. അൻപത് നോമ്പിന്റെയും പ്രാത്ഥനയുടെയും ആരാധനയുടെയും പ്രധാന ചടങ്ങുകളിലേക്ക് ക്രൈസ്തവർ പ്രവേശിക്കുകയാണ്. ദുഃഖശനിയാഴ്ച്ച തിരുക്കർമ്മങ്ങളിൽ പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിച്ചു വിശ്വാസികൾക്ക് നൽകും. ഉയിർപ്പ് തിരുക്കർമ്മങ്ങളിൽ പാതിരാ കുർബ്ബാനയും പതിവ് പോലെയുള്ള രാവിലെ കുർബ്ബാനയും ദേവാലയങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

ഫോട്ടോ: റൂഹാ വിഷ്വൽസ്.