തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ നിയന്ത്രണംവിട്ട ബൈക്ക് ടാങ്കർ ലോറിക്കടയിലേക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മറവന്തുരുത്ത് സ്വദേശി സച്ചിൻ സതീഷ്(23),വൈക്കം സ്വദേശി ആയാണ് ജയൻ(23) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റോഡിൽ വടകര തോട്ടം ജംങ്ഷന് സമീപം ആണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ ബൈക്ക് ടാങ്കർ ലോറിയിക്കടിയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. ഒരാളുടെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങിയതായാണ് വിവരം. അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിൽ നിന്നും രക്തവും ശരീര അവശിഷ്ടങ്ങളും കഴുകി വൃത്തിയാക്കിയത്. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
