കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശമാക്കി മുന്നണികൾ. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ്സ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നാളെ കോട്ടയത്ത് എത്തും. പുതുപ്പള്ളിയിലും ഏറ്റുമാനൂരിലും റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുല്‍ പ്രചാരണം നടത്തുക. സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കോട്ടയത്തിന്റെ മണ്ണിലേക്കെത്തുന്ന രാഹുൽഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. രാഹുൽഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു പാമ്പാടിയിലും അതിരമ്പുഴയിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഉച്ചയോടെ പാമ്പാടിയിലും വൈകിട്ട് അതിരമ്പുഴയിലും എത്തുന്ന വിധമാണ് പ്രചാരണ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. കോട്ടയത്ത് എത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കോട്ടയത്ത് എത്തും. ആദ്യം പ്രധാനമന്ത്രി പാലായിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് വേദി കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികൾ കോട്ടയത്ത് നാഗമ്പടം സ്റ്റേഡിയത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കോട്ടയത്തു പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. മുതിർന്ന നേതാക്കൾ ജില്ലയിലെത്തുന്നതോടെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആവേശമായി മാറിയിരിക്കുകയാണ്.
