കടുത്തുരുത്തി: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിലെ ഉമ്മൻചാണ്ടി നഗറിൽ കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

10 വർഷക്കാലം കേരളം ഭരിച്ചു മുടിച്ച പിണറായി സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികൾക്കും എതിരെ കേരള ജനത സംഘടിപ്പിക്കുന്ന പ്രതിഷേധമാണ് നിയമസഭാ ഇലക്ഷനിൽ സംഭവിക്കാനിരിക്കുന്ന ജനവികാരം എന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 ഇന ഗ്യാരണ്ടിയിൽ ഉൾപ്പെട്ട എല്ലാ ജനക്ഷേമ പദ്ധതികളും യുഡിഎഫ് സർക്കാർ ചുരുങ്ങിയ സമയം കൊണ്ട് യാഥാർത്ഥ്യമാക്കും. കടുത്തുരുത്തിയുടെ വികസനക്കുതിപ്പിന് നേതൃത്വം നൽകുന്ന അഡ്വ. മോൻസ് ജോസഫിനെപ്പോലെയുള്ള ജനകീയ പ്രതിനിധികളുടെ സാന്നിധ്യം നിയമസഭയിൽ അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും യുഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതിനും ഓരോ പ്രവർത്തകനും സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് എക്സ് എംപി, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ ഓരോ വീടുകളിലും യുഡിഎഫിന്റെ വികസന സന്ദേശം എത്തിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികൾക്ക് കൺവെൻഷൻ രൂപം നൽകി. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് എംഎൽഎ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ യുഡിഎഫ് നേതാക്കളായ ഫിലിപ്പ് ജോസഫ്, അഡ്വ. ടി. ജോസഫ്, ജാൻസ് കുന്നപ്പള്ളി, മാഞ്ഞൂർ മോഹൻകുമാർ, സുനു ജോർജ്, എം.എൻ. ദിവാകരൻ നായർ, ബേബി തൊണ്ടാംകുഴി, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ജെയിംസ് പുല്ലാപ്പള്ളി, എം.കെ. സാംബജി, എം.കെ. കുര്യാക്കോസ്, ജോസ്മോൻ മുണ്ടയ്ക്കൽ, ആൻ മരിയ ജോർജ്, ചെറിയാൻ കെ. ജോസ്, അക്ബർ മുടൂർ, ശിവരാമൻ, കെ.പി. ജോസഫ്, സുരേന്ദ്രൻ വി.കെ., ബാബു ടി.എസ്., തങ്കമ്മ വർഗീസ്, ബിന്ദു സുരേന്ദ്രൻ, അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം, ടോമി പ്രാലടി, ജോണി കണിവേലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ യുഡിഎഫ് ഘടകകക്ഷി നേതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വൻ ജനാവലിയും കൺവെൻഷനിൽ സംബന്ധിച്ചു.
