പാലാ: ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിൽ ചാണ്ടി ഉമ്മനൊപ്പം എത്തി പ്രാർത്ഥിച്ചു തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പാലാ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. രാഷ്ട്രീയ സംരക്ഷണം നൽകി എന്നെ യുഡിഎഫിലേക്ക് എത്തിച്ച നേതാക്കളിൽ പ്രധാനിയാണ് ഉമ്മൻചാണ്ടി. അദ്ദേഹം എന്നെ കൈപിടിച്ചു കയറ്റിയ യുഡിഎഫ് എന്ന രാഷ്ട്രീയ മുന്നണി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആണ് ഇത്തവണയും ജനവിധി തേടുന്നതെന്നു മാണി സി കാപ്പൻ പറഞ്ഞു.

 

 ജനപ്രതിനിധി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും  നിങ്ങൾക്കൊപ്പം നിലയുറപ്പിച്ചതിന്റെ പ്രതിഫലമാണ് നിങ്ങൾ എനിക്ക് കഴിഞ്ഞ കാലങ്ങളിൽ നൽകിയ വിജയങ്ങൾ. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തേണ്ടതിന്റ ആവശ്യകത  തിരിച്ചറിഞ്ഞുകൊണ്ട് പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയ നിങ്ങൾ ആ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന് ഉപാധിയാകുന്ന ഈ തെരഞ്ഞെടുപ്പിലും അതെ നിലപാട് തന്നെ സ്വീകരിക്കുമെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനത്തിന്റെ പൊതു രാഷ്ട്രീയ സാഹചര്യം പോലെ തന്നെ പ്രധാനമാണ് നമ്മുടെ നിയോജകമണ്ഡലമായ പാലായുടെ വികസനത്തിനും ജനക്ഷേമത്തിലും ഊന്നിയുള്ള മുന്നോട്ടുപോക്ക്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ എത്തിയാൽ അത് സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ഉത്തമ ബോധ്യമുണ്ട് എന്നും മാണി സി കാപ്പൻ പറഞ്ഞു. ഗ്രാമങ്ങളെയും നഗരകേന്ദ്രങ്ങളെയും ഒരുപോലെ കണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരം ഒരുക്കുന്ന വൻകിട പദ്ധതികൾക്കും,  ജനങ്ങളുടെ ക്ഷേമ സൗകര്യങ്ങൾ ഉറപ്പാക്കുന്ന സാമൂഹ്യ പദ്ധതികൾക്കും രൂപം കൊടുക്കുവാനും പാലായിലെ ജനങ്ങളെയും പാലാ എന്ന പ്രദേശത്തെയും ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ ആക്കുവാനും ഏറ്റവും ആത്മാർത്ഥമായി നിങ്ങൾക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഉറപ്പു നൽകി കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തെ അഭിമുഖീകരിക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഭരണത്തിന്റെ ഇടനാഴികളിൽ നടന്ന ഇടപെടലുകൾ മൂലം ബോധപൂർവ്വം തടസ്സപ്പെട്ടു പോയ നമ്മുടെ  നാടിൻറെ വികസന പ്രവർത്തനങ്ങൾക്ക് പുതുജീവൻ വയ്പ്പിക്കുവാനും  ദിശാബോധം നൽകുവാനും ഇച്ഛാശക്തിയോടെ അത് യാഥാർത്ഥ്യമാക്കുവാനും നിങ്ങളുടെ പ്രതിനിധിയായി പാലായിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെയും നാട്ടുകാരുടെയും ആവശ്യത്തിന് പ്രഥമ പരിഗണന നൽകി ഒരു ജനപ്രതിനിധി എന്ന നിലവിലുള്ള ഉത്തരവാദിത്വങ്ങൾ  എൻറെ കഴിവിന്റെ പരമാവധി ഞാൻ നിർവഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നതായി മാണി സി കാപ്പൻ പറഞ്ഞു.