പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായുടെ പ്രതാപകാലം നാം വീണ്ടെടുക്കും എന്ന് ജോസ് കെ മാണി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയാണ് പാലായിൽ ഇത്തവണയും ജനവിധി തേടുന്നത്. കൈവിട്ടുപോയ പാലാ മണ്ഡലം തിരികെ പിടിക്കുമെന്നും ഇതൊരു ചരിത്ര ദൗത്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

കെ.എം.മാണി വിടപറഞ്ഞ ഏപ്രിൽ ഒമ്പതിന് വോട്ട് എടുപ്പ് നിമിത്തമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആവേശകരമായ റോഡ് ഷോയോടെയാണ് ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പാലായുടെ വികസന യാത്രയാണ് ഇനി തുടങ്ങുന്നത് എന്നും പാലായുടെ വികസന പാരമ്പര്യം നാം തിരിച്ചു പിടിക്കും എന്നും പാലായെ വീണ്ടും വികസന വഴിയിലേക്ക് പുനരാനയിക്കാൻ ഈ നാട് ഒരുങ്ങിക്കഴിഞ്ഞതായും ജോസ് കെ മാണി പറഞ്ഞു. പാലാ ട്രിപ്പിള്‍ ഐടി, സയന്‍സ് സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ്, മുത്തോലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങി നമ്മുടെ നാടിനെ രാജ്യത്തിന്റെ വികസനഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന കേന്ദ്രസ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട് എന്നും ജോസ് കെ മാണി പറഞ്ഞു. പാലാ ഗവണ്‍മെന്റ് ആശുപത്രിയോട് ചേര്‍ന്ന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബ്, ക്യാന്‍സര്‍ ബ്ലോക്ക് തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാനും സാധിച്ചു. മികച്ച റോഡുകളും അടിസ്ഥാന സൗകര്യവികസനവും ഇലവീഴാപ്പൂഞ്ചിറ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയുടെ വളര്‍ച്ചയും ഉറപ്പാക്കാന്‍ കഴിഞ്ഞത് പാലായിലെ ജനങ്ങൾ നല്‍കിയ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ് എന്നും ജോസ് കെ മാണി പറഞ്ഞു. കെ. എം. മാണിയുടെ നേതൃത്വത്തില്‍ 1965 മുതല്‍ 50 വര്‍ഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവര്‍ണ്ണനാളുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്. വികസന ക്ഷേമ മേഖലകളില്‍ മുന്നേറാന്‍ പാലായ്‌ക്കൊപ്പം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
