അപൂർവ രോഗമായ കവാസാക്കി സ്ഥിരീകരിച്ച ഒന്നര വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിൽ തിരികെ ജീവിതത്തിലേക്ക്.


കോട്ടയം: അപൂർവ രോഗമായ കവാസാക്കി സ്ഥിരീകരിച്ച ഒന്നര വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിൽ തിരികെ ജീവിതത്തിലേക്ക്. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകളായ ഒന്നര വയസ്സുകാരിക്കാണ് ഈ അപൂർവ്വ രോഗം കണ്ടെത്തിയത്.

 

 കട്ടപ്പന സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് ആണ് കുട്ടിക്ക് അപൂർവ്വ രോഗമായ കവാസാക്കി ഡിസീസ് ആണ് പിടിപെട്ടതെന്നു കണ്ടെത്തിയത്. ഒരു തരത്തിലുള്ള പരിശോധനകളും ഈ രോഗബാധ കണ്ടെത്താൻ സാധിക്കുകയില്ല, രോഗലക്ഷണങ്ങളിൽ കൂടി മാത്രമേ ഈ രോഗബാധ മനസ്സിലാക്കാൻ സാധിക്കൂ. ആദ്യം പെട്ടെന്നുള്ള പനിയും മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുകയും ചെയ്യുന്നതാണ് ലക്ഷണം. പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം, ശരീരത്തിൽ കുരുക്കൾ വരുന്നത്, കയ്യും കാലും നീര് വെയ്ക്കുക, ചുണ്ടും നാക്കും ചുവക്കുക എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ. ഇവയിൽ നാല് ലക്ഷണങ്ങൾ കണ്ടാൽ കവാസാക്കി രോഗബാധയാണെന്നു അനുമാനിക്കാം. ഒന്നര വയസ്സുകാരിക്ക് അഞ്ചു രോഗലക്ഷണങ്ങളും കണ്ടതിനാൽ പണി നീണ്ടുനിൽക്കുന്നത് നോക്കാതെ നാലാം ദിവസം തന്നെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കുട്ടിക്ക് കവാസാക്കി ഡിസീസ് ആണെന് കാണിച്ചു ഡോക്ടർ റഫറൽ ലെറ്ററും നൽകിയിരുന്നു. രാത്രിയിൽ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. ഡോകറ്റർമാരുടെ പരിശോധനയിൽ കവാസാക്കി രോഗമാണെന്ന് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അടിയന്തരമായി കുട്ടിയെ മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയിൽ ഒന്നരവയസ്സുകാരി സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി. 60000 രൂപ വിലയുള്ള മരുന്ന് 12 മണിക്കൂർ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി കുട്ടിക്ക് നൽകിയത്. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കി രോഗബാധയുടെ അപകടാവസ്ഥ. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷനായ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയ നിഗമനം ശരിയായിരുന്നു എന്ന് കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും അറിയിച്ചു. കൃത്യസമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കിയതിനാൽ ഒന്നര വയസ്സുകാരി സുഖം പ്രാപിച്ചു തിരികെ വീട്ടിലേക്ക് മടങ്ങി. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്നത്.