എരുമേലി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനം: തുടരന്വേഷണത്തിന് എരുമേലിയിൽ ഓഫീസ് തുറന്നു സിബിഐ, അന്വേഷണ സംഘം വീണ്ടും എത്തുന്നത് പുതിയ തെളിവുകൾ


എരുമേലി: എരുമേലി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ തുടരന്വേഷണത്തിന് എരുമേലിയിൽ ഓഫീസ് തുറന്നു സിബിഐ അന്വേഷണ സംഘം. എട്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ എരുമേലി മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായാണ് സിബിഐ സംഘം വീണ്ടും എത്തിയിരിക്കുന്നത്.

 

 സംഘം വീണ്ടും എത്തുന്നത് പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലോ എന്ന സംശയമാണ് ഇപ്പോളുള്ളത്. എരുമേലി പൊതുമരാമത്ത് വകുപ്പിന്റെ ഗെസ്റ്റ് ഹൗസിൽ ആണ് സിബിഐ ഓഫിസ് തുറന്നത്. 6 മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത് വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. കേരളത്തിന് വെളിയിൽ ജെസ്‌നയെ കണ്ടതായി പലരും പറഞ്ഞ അറിവനുസരിച്ചു വിവിധ സ്ഥലങ്ങളിൽ കേരളാ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയുടെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരിൽ നിന്നും ജെസ്‌നയിലേക്കെത്താൻ ഒരു തുമ്പും കിട്ടിയില്ല.  രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചത്. 300 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത് ഇവരിൽ 150 ലധികം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് തുടരന്വേഷണം ആവശ്യപ്പെട്ടു 2024 ൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും പിതാവ് ഹാജരാക്കി. പിതാവ് ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചാണ് കോടതി അന്ന് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നു സി ബി ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മകൾ വീട്ടിൽ നിന്ന് പോകുമ്പോൾ 60000 രൂപ കൈവശം ഉണ്ടായിരുന്നതായും പിതാവ് പറയുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല എന്നും ഈ പണം സഹോദരി അവിചാരിതമായി കണ്ടിരുന്നു എന്നും പിതാവ് പറയുന്നു. ജെസ്നയുടെ 3 പഴ്സണൽ ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടിൽനിന്ന് എടുത്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ സി ബി ഐ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നും പിതാവ് പറയുന്നു. ഡിഗ്രിക്ക് ഒപ്പം പഠിച്ച സുഹൃത്ത് ജെസ്നയെ ചതിച്ചതായി സംശയമുണ്ട് എന്നും ജെസ്‌നയെ കാണാതായി എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സി ബി ഐ അന്വേഷണം നടത്തിയില്ലെന്നും ജെസ്‌നയുടെ ശാരീരിക പ്രശനങ്ങൾ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറയുന്നു. ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു പിതാവ് ഹർജിയിൽ പറയുന്നു. അതോടൊപ്പം ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നും രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയത് എന്നും പിതാവ് പറയുന്നു. ക്രൈംഞ്ചാഞ്ച് വസ്ത്രം വീട്ടിൽ നിന്ന് ശേഖരിച്ചതായും എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ല എന്നാണു സി ബി ഐ അഭിഭാഷകൻ പറയുന്നതെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജെസ്‌നയുടെ പിതാവിന്റെ ആരോപണങ്ങൾ അനുമാനങ്ങളും സംശയങ്ങളും മാത്രമെന്ന് ആയിരുന്നു സി ബി ഐ കോടതിയിൽ മറുപടി നൽകിയത്. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ല എന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 52 പേജുള്ള റിപ്പോർട്ടാണ് സി ബി ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ല എന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചു എന്നതിനു തെളിവില്ല എന്നും സി ബി ഐ കോടതിയെ അറിയിചിരുന്നു. ഇപ്പോൾ വീണ്ടും അന്വേഷണ സംഘം എത്തുമ്പോൾ ജെസ്‌നയിലേക്കെത്താൻ കൂടുതൽ തെളിവുകൾ കിട്ടിയോ എന്ന സംശയത്തിലാണ് നാടും നാട്ടുകാരും.