കോട്ടയം: എഫ്.സി.ആർ.എ ഭേദ​ഗതി ബിൽ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭകൾ രാജ്യത്തിന്റെ പുരോ​ഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ- ആരോ​ഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്.

 

 ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. ക്രൈസ്തവസമൂഹത്തിന് മാത്രമല്ല എല്ലാ മതവിഭാ​ഗത്തിലെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിലേക്കാണ് സഹായം എത്തുന്നത്. സഭകളുടെ മിഷൻ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭേദ​​ഗതിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. വിദേശരാജ്യങ്ങളിൽ കഴിയുന്ന സഭാവിശ്വാസികൾ നേർച്ചയായി നൽകുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല. എഫ്.സി.ആർ.എ യുടെ നിലവിലെ നിയമങ്ങൾ കർശനമാണ്. ഈ നിയമം പാലിച്ച് തന്നെയാണ് പണം വിനിയോ​ഗിക്കുന്നത്. മലങ്കരസഭയുടെയും 3 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെയും,രാജീവ് ചന്ദ്രശേഖറിനെയും അടക്കം ഇക്കാര്യങ്ങൾ ബോധിപ്പിച്ചുണ്ട്. ക്രൈസ്തവസമൂഹത്തോടുള്ള സമീപനത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്താനാണോ ഭേദ​ഗതി എന്ന് സഭകൾക്ക് സംശയിക്കാം. അങ്ങനെയുണ്ടാകില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷങ്ങളെ വീർപ്പ്മുട്ടിക്കുന്ന സമീപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഭാധ്യക്ഷൻ കൂട്ടിച്ചേർത്തു.