ചങ്ങനാശ്ശേരി: ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാനാവില്ലെന്ന വിദേശ സംഭാവനാ നിയന്ത്രണച്ചട്ട ഭേദഗതിയിൽ കേന്ദ്ര വിമർശനത്തിൽ മലക്കം മറിഞ്ഞ് ആർച്ച് ബിഷപ്പ് തോമസ് തറയിൽ.

എഫ് സി ആർ എ ബില്ലിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സർക്കാർ അവ തിരുത്തുമെന്ന് പ്രതീക്ഷിച്ചാണ്, അല്ലാതെ സർക്കാരിനെ എതിർപക്ഷത്ത് നിർത്താനല്ല എന്ന് ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് തോമസ് തറയിൽ. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ അതിനെ കേരളത്തിലെ ഇലക്ഷന്റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്ന് പറയാതെ വയ്യ എന്നും ബിഷപ്പ് പറഞ്ഞു. യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്ക് പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ബിഷപ്പ് പറഞ്ഞു. അപ്രതീക്ഷമായാണ് എഫ്സിആർഎയിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും ആർച്ച് ബിഷപ്പ് തോമസ് തറയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ എൻജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ കടിഞ്ഞാണിടാനുള്ള ദുരുദ്ദേശത്തോടെയാണെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെയും, സർക്കാരിനെ വിമർശിക്കുന്ന എൻജിഒകളെയും ലക്ഷ്യം വെക്കാൻ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായും ബിഷപ്പ് പറഞ്ഞിരുന്നു.
