ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ പ്രചാരണ തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഐഎം സാരഥി വി എൻ വാസവൻ.

ഏറ്റുമാനൂരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത് എന്നും പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ട് ആക്കി ഏറ്റുമാനൂരിലെ ജനങ്ങളുടെ മുൻപിൽ സമർപ്പിച്ചിട്ടുമുണ്ട് എന്നും വി എൻ വാസവൻ പറഞ്ഞു. അഞ്ചു കൊല്ലം മുൻപ് ഏറ്റുമാനൂർ മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപെടുമ്പോൾ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപാടും ഉണ്ടായിരുന്നു. ആദ്യ ആഴ്ചയിൽ തന്നെ മണ്ഡലത്തിലെ പൗര പ്രമുഖർ, ജനപ്രതിനിധികൾ,മത-സാമൂദായിക നേതാക്കൾ, വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ശില്പശാലയിൽ ജനങ്ങൾക്കുവേണ്ടി കാഴ്ചപ്പാട് അവതരിപ്പിച്ചു. ശില്പശാലയിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു മാർഗ്ഗരേഖ തയ്യാറാക്കിയായിരുന്നു പ്രവർത്തനങ്ങൾ എന്ന് വി എൻ വാസവൻ പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ശില്പശാല വിളിച്ചു കൂട്ടി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ റിവ്യൂ നടത്തി. 80 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിയിരുന്നു. ശില്പശാലയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലമായ ഒരു മാർഗ രേഖ തയ്യാറാക്കി. 5 വർഷം കൊണ്ട് അഭിമാനപൂർവ്വമായ വികസനത്തിന് ഏറ്റുമാനൂർ മണ്ഡലത്തിനെ മാറ്റിയെടുക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ അഞ്ചാം വർഷം പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കി ജനസമക്ഷം സമർപ്പിച്ചത് എന്ന് വി എൻ വാസവൻ പറഞ്ഞു. കഴിഞ്ഞ പത്തു വർഷക്കാലം കേരളം സാക്ഷ്യം വഹിച്ചത് ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ്. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെപ്പിടിച്ച്, ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും അക്ഷരംപ്രതി നടപ്പിലാക്കിയ എൽ.ഡി.എഫ്. സർക്കാരിന്റെ ജനപക്ഷ ബദലുകൾ തുടരേണ്ടത് നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾക്കും വികസന നേട്ടങ്ങൾക്കും ഏറ്റുമാനൂർ നിയോജകമണ്ഡലം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഞാനും ഈ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത് എന്നും വി എൻ വാസവൻ പറഞ്ഞു. വികസനത്തുടർച്ച ഉറപ്പാക്കുവാനും നാടിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുവാനും ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണം. വികസനത്തുടർച്ചയ്ക്കായി നാം ഓരോരുത്തരും കൈകോർക്കേണ്ട വിധിനിർണ്ണായകമായ നിമിഷമാണിത്. ഏറ്റുമാനൂരിൽ വീണ്ടും ജനവിധി തേടുമ്പോൾ പ്രിയപ്പെട്ടവർ കൂടെയുണ്ടാകും എന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
