എരുമേലി: എരുമേലി മുക്കൂട്ടുതറ സ്വദേശിനി ബിരുദ വിദ്യാർത്ഥിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് 8 വർഷം. കാണാതായി 8 വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല എന്നുമാത്രമല്ല ഒരു തെളിവും കണ്ടെത്താൻ പൊലീസിനോ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘത്തിനോ കഴിഞ്ഞിട്ടില്ല. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്. സിബിഐ തിരുവന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണങ്ങൾ വിഫലമായി തീരുകയായിരുന്നു.

 

 തുടക്കത്തിൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാൽ എല്ലാ സഹായങ്ങളും നൽകുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി സൈമൺ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം പറഞ്ഞിരുന്നു. വെളിപ്പെടുത്താനാവാത്ത പല കാര്യങ്ങളും കണ്ടെത്തിയതായി സർവ്വീസി നിന്ന് വിരമിക്കും മുൻപ് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അവ എന്തൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടാണ് പോലിസ് അന്വഷണം ആരംഭിച്ചത് തന്നെ. ആദ്യഘട്ടങ്ങളിൽ വെച്ചൂച്ചിറ പോലീസും പിന്നീട് തിരുവല്ല ഡി വൈ എസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടന്നു. ജെസ്ന കാഞ്ഞിരപ്പള്ളി സെന്റ്‌.ഡോമിനിക്സ് കോളേജ് വിദ്യാര്‍ഥിനിയായിരുന്നു. എന്നാല്‍ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു കൃത്യമായ തെളിവുകളും ഇതുവരെ അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല. അന്വേഷണ സംഘം കേരളത്തിന്‌ വെളിയിലും അന്വേഷണം നടത്തിയെങ്കിലും തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. ജെസ്‌നയെ എത്രയും വേഗം കണ്ടുപിടിക്കുമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്‌റ പറഞ്ഞിരുന്നത്. ഐ.ജി.മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനായിരുന്നു പിന്നീട് അന്വേഷണ ചുമതല നൽകിയത്. പിന്നീട് ജെസ്‌നയുടെ തിരോധാനം ക്രൈബ്രാഞ്ച് ഏറ്റെടുത്തു.പക്ഷെ യാതൊരു തെളിവും ഇന്നേവരെ ലഭിച്ചില്ല. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത്തു വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. അധികമാരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല ജെസ്‌നയുടേത്. ഇല്ലാത്ത പ്രണയത്തിന്റെ പേരിലാണ് ജെസ്‌നയെ ചിത്രീകരിക്കുന്നതെന്നും സുഹൃത്തുക്കൾ അന്ന് പോലീസിനോട് പറഞ്ഞിരുന്നു. ജെസ്‌നയുടെ തിരോധാനത്തിന് 8 മാസങ്ങൾക്കു മുൻപായിരുന്നു അമ്മയുടെ മരണം. ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സി.ബി.ഐ ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥികളുടെയും,വിവിധ സംഘടനകളുടെയും, പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ സമര പരിപാടികൾ നടന്നിരുന്നു. കേരളത്തിന് വെളിയിൽ ജെസ്‌നയെ കണ്ടതായി പലരും പറഞ്ഞ അറിവനുസരിച്ചു വിവിധ സ്ഥലങ്ങളിൽ കേരളാ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയുടെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരിൽ നിന്നും ജെസ്‌നയിലേക്കെത്താൻ ഒരു തുമ്പും കിട്ടിയില്ല. രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചത്. 300 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത് ഇവരിൽ 150 ലധികം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിലെ പുരോഗതി അതാത് സമയം അറിയിക്കണെമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രയോജനകരമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഹൈക്കോടതി കേസ് സിബിഐ ക്ക് കൈമാറി. ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു കൊച്ചി ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. എന്നാൽ സാങ്കേതിക പിഴവുകളുള്ള ഹർജി തള്ളേണ്ടതായി വരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജ്ജിക്കാർ ഹേബിയസ് കോർപ്പസ് പിൻവലിക്കുകയായിരുന്നു. ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച കേസ് ഹൈക്കോടതി സിബിഐ ക്കു കൈമാറിട്ടും അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിസിച്ചിരുന്നു കാസ. മകളുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിതാവ് പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി മുൻരൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതിനായി നിവേദനം ജെസ്‌നയുടെ പിതാവ് കൈമാറിയത്. ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി സിബിഐ സംഘം വീണ്ടും എരുമേലിയിൽ ഓഫീസ് തുറന്നിട്ടുണ്ട്. സംഘം വീണ്ടും എത്തുന്നത് പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലോ എന്ന സംശയമാണ് ഇപ്പോളുള്ളത്. എരുമേലി പൊതുമരാമത്ത് വകുപ്പിന്റെ ഗെസ്റ്റ് ഹൗസിൽ ആണ് സിബിഐ ഓഫിസ് തുറന്നത്. 6 മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് തുടരന്വേഷണം ആവശ്യപ്പെട്ടു 2024 ൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും പിതാവ് ഹാജരാക്കി. പിതാവ് ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചാണ് കോടതി അന്ന് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നു സി ബി ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മകൾ വീട്ടിൽ നിന്ന് പോകുമ്പോൾ 60000 രൂപ കൈവശം ഉണ്ടായിരുന്നതായും പിതാവ് പറയുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല എന്നും ഈ പണം സഹോദരി അവിചാരിതമായി കണ്ടിരുന്നു എന്നും പിതാവ് പറയുന്നു. ജെസ്നയുടെ 3 പഴ്സണൽ ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടിൽനിന്ന് എടുത്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ സി ബി ഐ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നും പിതാവ് പറയുന്നു. ഡിഗ്രിക്ക് ഒപ്പം പഠിച്ച സുഹൃത്ത് ജെസ്നയെ ചതിച്ചതായി സംശയമുണ്ട് എന്നും ജെസ്‌നയെ കാണാതായി എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സി ബി ഐ അന്വേഷണം നടത്തിയില്ലെന്നും ജെസ്‌നയുടെ ശാരീരിക പ്രശനങ്ങൾ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറയുന്നു. ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു പിതാവ് ഹർജിയിൽ പറയുന്നു. അതോടൊപ്പം ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നും രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയത് എന്നും പിതാവ് പറയുന്നു. ക്രൈംഞ്ചാഞ്ച് വസ്ത്രം വീട്ടിൽ നിന്ന് ശേഖരിച്ചതായും എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ല എന്നാണു സി ബി ഐ അഭിഭാഷകൻ പറയുന്നതെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജെസ്‌നയുടെ പിതാവിന്റെ ആരോപണങ്ങൾ അനുമാനങ്ങളും സംശയങ്ങളും മാത്രമെന്ന് ആയിരുന്നു സി ബി ഐ കോടതിയിൽ മറുപടി നൽകിയത്. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ല എന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 52 പേജുള്ള റിപ്പോർട്ടാണ് സി ബി ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ല എന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചു എന്നതിനു തെളിവില്ല എന്നും സി ബി ഐ കോടതിയെ അറിയിചിരുന്നു. ഇപ്പോൾ വീണ്ടും അന്വേഷണ സംഘം എത്തുമ്പോൾ ജെസ്‌നയിലേക്കെത്താൻ കൂടുതൽ തെളിവുകൾ കിട്ടിയോ എന്ന സംശയത്തിലാണ് നാടും നാട്ടുകാരും.